അബുദാബി∙ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൊവ്വാഴ്ച റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള ഇന്ത്യ-യുഎഇ സെക്ടറിൽ കൂടുതൽ വിമാന സർവീസ് നടത്താൻ അനുവദിക്കണമെന്ന യുഎഇയുടെ ആവശ്യമാണ് ഇന്ത്യ നിരസിച്ചത്.
നിലവില്‍ ഈ സെക്ടറിൽ (ഇന്ത്യയ്ക്കും യുഎഇയ്ക്കും) അനുവദിച്ചിരിക്കുന്ന പരമാവധി സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 65,000 ആണ്. ഇതില്‍ 50,000 സീറ്റുകളുടെ വർധനവാണ് യുഎഇ ആവശ്യപ്പെട്ടത്. ഇപ്പോൾ വർധിപ്പിക്കാൻ ആലോചിക്കുന്നില്ല എന്നായിരുന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.
വ്യോമയാന മാർക്കറ്റിൽ ലോകത്ത് അതിവേഗം വളരുന്ന വിപണിയിലൊന്നാണ് ഇന്ത്യ. അവിടെ വിമാന യാത്രയ്ക്കുള്ള ആവശ്യം വിമാനങ്ങളുടെ ലഭ്യതയെക്കാൾ കൂടുതലാണ്. എന്നാൽ ഇന്ത്യയുടെ രാജ്യാന്തര എയർ ട്രാഫിക്കിന്റെ ഭൂരിഭാഗവും നിലവിൽ ഗൾഫ് എയർലൈനുകളായ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ ഗള്‍ഫ് വിമാനക്കമ്പനികള്‍ വഴി ദുബായ്, ദോഹ പോലുള്ള ഹബുകള്‍ വഴിയാണ്. വിദേശ വിമാന കമ്പനികളിലേക്ക് നഷ്ടമാവുന്ന ഈ വ്യോമ ഗതാഗതം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു. അതിനായി കൂടുതൽ വൈഡ് ബോഡി വിമാനങ്ങൾ ഓർഡർ ചെയ്യാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നുമുണ്ട്.
എയർ ഇന്ത്യ കഴിഞ്ഞ മാസം 470 ജെറ്റുകൾക്ക് റെക്കോർഡ് ഓർഡർ നൽകിയിരുന്നു. വിമാനയാത്രക്കാർക്ക്, പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികൾക്ക്, യുഎസിലെ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നോൺ-സ്റ്റോപ്പ് വിമാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യാന്തര വിപണിയിൽ ഇന്ത്യ മുന്നേറ്റം നടത്തുന്നുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് നേരിട്ടുള്ള കൂടുതല്‍ സര്‍വീസുകള്‍ പ്രോത്സാഹിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.