India-UAE Flight News: ദുബായ്: റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഎഡ്ആര്‍എഫ്എ)ന്റെ അനുമതിക്കൊപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ദുബായിലേക്കു യാത്ര ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ ഏജന്റുമാര്‍ക്കായി പുറപ്പെടുവിച്ച ഏറ്റവും പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ച പുതിയ സര്‍ക്കുലറില്‍ വാക്സിന് കാര്യം പറയുന്നില്ല. നേരത്തെ, റസിഡന്‍സ് വിസയുള്ള, കോവിഡ് വാക്സിന്റെ രണ്ടു ഡോസ് യുഎഇയില്‍നിന്ന് എടുത്ത് 14 ദിവസമെങ്കിലുമായവര്ക്കാണ് നേരത്തെ യാത്രാനുമതി ലഭിച്ചിരുന്നത്.
സാമ്പിള്‍ ശേഖരിച്ചതു മുതലുള്ള 48 മണിക്കൂറിനുള്ളിലെ നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലമാണു ജിഎഡ്ആര്‍എഫ്എ അനുമതിക്കൊപ്പം വേണ്ട രേഖകളിലൊന്നായി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍ക്കുലറില്‍ പറയുന്നത്. ഐസിഎംആര്‍ അംഗീകരിച്ച ലാബില്നിന്നുള്ളതായിരിക്കണം ഫലം. സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് വേണം. യാത്രയ്ക്കു നാലു മണിക്കൂര്‍ മുന്‍പുള്ള ദ്രുത പിസിആര്‍ നെഗറ്റീവ് ഫലവും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇതിനു സമാനമായ വിവരങ്ങളാണ് യുഎഇയുടെ വിമാനകമ്പനിയായ എമിറേറ്റ്സും പങ്കുവച്ചിരിക്കുന്നത്. ദുബായ് റസിഡന്‍സി വിസയുള്ളവര്‍ക്കു ജിഡിആര്‍എഫ്എ നല്കുന്ന യാത്രാനുമതിയുടെ പ്രിന്റൗട്ട്, പുറപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ്, യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് റാപിഡ് പിസിആര്‍ ടെസ്റ്റ് എന്നിവ ഹാജരാക്കിയാല്‍ യാത്ര ചെയ്യാമെന്ന് ഇതുസംബന്ധിച്ച ഒരു യാത്രക്കാരന്റെ ചോദ്യത്തിനു മറുപടിയായി എമിറേറ്റ്സ് ട്വിറ്ററില്‍ കുറിച്ചു.
”ദുബായ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം, യാത്രക്കാര്‍ക്ക് ദുബായില്‍ ഇറങ്ങാന്‍, മൂന്ന് രേഖകള്‍ മാത്രം മതി. ജിഡിആര്‍എഫഎ അംഗീകാരവും യാത്ര ആരംഭിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും വിമാനത്താവളത്തില്‍നിന്നുള്ള ദ്രുതഫ പിസിആര്‍ പരിശോധനാ ഫലവും വേണം,” യുഎഇയിലെ ഒരു ഉന്നത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ വിമാനക്കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് ഇത് സംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും നോട്ടീസ് നല്‍കിയതായും അബുദാബി, ഷാര്‍ജ, റാസല്‍ ഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ വാക്സിനേഷന് സ്ഥിതി വിമാനക്കമ്പനികള്‍ സ്ഥിരീകരിക്കുമോയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ദുബായിലേക്കു യാത്ര ചെയ്യാന്‍ നേരത്തെ പുറപ്പെടുവിച്ച നിബന്ധനകള്‍ നിലനില്‍ക്കുന്നുവെന്നാണ് ഫ്ളൈ ദുബായ് എയര്‍ലൈന്‍സിന്റെ ഇന്നത്തെ തിയതിയിലുള്ള മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നത്.
യുഎഇയിലെ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് വാക്സിന് രണ്ടാം ഡോസ് പൂര്‍ത്തിയാക്കി 14 ദിവസം പൂര്‍ത്തിയാക്കിയ റസിഡന്റ് വിസയുള്ളവര്ക്കാണു പ്രവവേശനാനുമതിയെന്ന് ഈ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വേണം. യാത്ര ആരംഭിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും വിമാനത്താവളത്തില്‍നിന്നുള്ള ദ്രുതഫ പിസിആര്‍ പരിശോധനാ ഫലവും വേണം. ദുബായിലെത്തിയാല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാകണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതിനിടെ, എത്തിഹാദ് എയര്‍വേയ്സ് നാളെ മുതല്‍ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍നിന്നു കൂടി അബുദാബിയിലേക്കു സര്‍വിസ് ആരംഭിക്കും. അഹമ്മദാബാദ് (ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കു വേണ്ടി മാത്രം), ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് നാളെ സര്‍വിസ് തുടങ്ങുക. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളുരു, ന്യൂഡല്‍ഹി നഗരങ്ങളില്‍നിന്ന് ഏഴിനു സര്‍വിസ് ആരംഭിച്ചിരുന്നു.
Also Read: അധിക ഡോസ് വാക്സിന് നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍