India-UAE Flight News: ദുബൈ: യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ യുഎഇയില്‍ മടങ്ങിയെത്തിത്തുടങ്ങി. രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രയ്ക്കു മുന്‍കൂര്‍ അനുമതി ആവശ്യമുള്ളതിനാല്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ഇളവ് പ്രാബല്യത്തില്‍ വന്ന ഇന്ന് തിരിച്ചെത്താനായത്.
റസിഡൻസി വിസയുള്ളതും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും യുഎഇയില്‍നിന്ന് എടുത്തതുമായ പ്രവാസികള്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. യാത്രയ്ക്കു മുന്‍പ് വിസ സാധുതയുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പവരുത്തണം.
തുടര്‍ച്ചയായി ആറു മാസത്തില്‍ കൂടുതല്‍ യുഎഇയ്ക്കു പുറത്തു കഴിയുന്ന പ്രവാസികളുടെ യുഎഇ റസിഡന്‍സി വിസ കാലാവധിയുള്ളതാണെങ്കിൽ പോലും സ്വമേധയാ നിഷ്ക്രിയമാക്കപ്പെടും. ഇങ്ങനെ വിസ നിഷ്ക്രിയമാക്കപ്പെട്ടവര്ക്കു തിരിച്ചെത്താന്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടി വരും.
ദുബായ് വിസയുണ്ടായിരുന്നവര് റീ എന്‍ട്രിക്ക് https:// smart.gdrfad.gov.ae/SmartOTCServices Portal/ReturnPermitServiceForm.aspx എന്ന ലിങ്കിലാണ് അപേക്ഷ നല്‍കേണ്ടത്.
മറ്റ് എമിറേറ്റുകളിലുള്ളവര്‍ https:// smartservices.ica.gov.ae/echannels/web/client/guest/index.html/resancies-entry-confirmation എന്ന ലിങ്കില്‍ റീ എന്‍ട്രിക്ക് അപേക്ഷിക്കണം.
ഇനി വിസ സാധുതയുള്ളതാണെന്ന് എങ്ങനെ പരിശോധിക്കാമെന്നു നോക്കാം. ദുബായ് വിസയുള്ളവര്‍ക്കു പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി നമ്പറുകള്‍ ഉപയോഗിച്ച് https:// smartservices.ica.gov.ae/echannels/web/client/guest/index.html/resancies-entry-confirmation എന്ന ലിങ്കിലൂടെ വിസ സാധുത പരിശോധിക്കാം.
മറ്റു എമിറേറ്റുകളിലെ വിസയുള്ളവര്‍ക്കു പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി നമ്പറുകള്‍ ഉപയോഗിച്ച് https:// smartservices.ica.gov.ae/echannels/web/client/default.html/fileValidity എന്ന ലിങ്കിലൂടെയും സാധുത പരിശോധിക്കാം.
അതേസമയം, വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അതു പുതുക്കുക മാത്രമേ മാര്‍ഗമുള്ളൂ. തൊഴിലുടമ അല്ലെങ്കിൽ സ്പോണ്സർ പഴയ വിസ റദ്ദാക്കി പുതിയ വിസ അനുവദിക്കണം. എന്നാൽ വിദേശത്തുനിന്ന് വിസ പുതുക്കാൻ നിലവിൽ യുഎഇയിലെ വ്യവസ്ഥകൾ അനുവദിക്കുന്നില്ല. വിസാ കാലാവധി കഴിഞ്ഞ് 30 ദിവസം വരെ യുഎയില്‍ തുടരാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയില്ല.
യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദുബായില്‍ താമസക്കാരായ പ്രവാസികള്‍ക്കു മടങ്ങാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആര്‍എഫ്എ)ന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യുടെയും അനുമതി നിര്‍ബന്ധമാണ്.
മറ്റ് എമിറേറ്റുകളിലെ താമസക്കാരായ പ്രവാസികള്‍ക്കു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി തേടിയാല്‍ മതി.
അനുമതി ലഭിക്കുന്നതിനു വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യുഎഇയിലെ വിലാസം, വാക്സിനേഷന് വിശദാംശങ്ങള്‍, പിസിആര്‍ പരിശോധനാ ഫലം എന്നിവ സമര്‍പ്പിക്കണം.
Also Read:India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വാക്സിന് എടുക്കാത്തവര്‍ക്കും തിരിച്ചുപോകാന്‍ കഴിയും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിന് എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.
ഈ വിഭാഗത്തിലുള്ളവര്‍ ബന്ധപ്പെട്ട വെബ്സെറ്റുകളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനൊപ്പം കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധനഫലം കരുതണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യുഎഇയില്‍ എത്തിയശേഷം പിസിആര്‍ ടെസ്റ്റിനു വിധേയമാകുകയും 10 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കുകയും വേണം. ദുബൈ, ഷാർജ എമിറേറ്റുകളിൽ ക്വാറന്റൈൻ നിബന്ധന ഒഴിവാക്കിയതായാണ് ഏറ്റവും പുതിയ വിവരം.
Also Read: അധിക ഡോസ് വാക്സിന് നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍