India-UAE Flight News: ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് മലയാളികള്‍.
ജോലിയിലേക്ക് മടങ്ങാനും കുടുംബത്തിനൊപ്പം തിരിച്ചെത്താനുമായി 14 ദിവസത്തോളം വിവിധ രാജ്യങ്ങളില്‍ തങ്ങി യു.എ.ഇലേക്ക് എത്തുന്നവരുമുണ്ട്.
അവധിക്കാലം പോലും ചിലവഴിക്കാന്‍ പലരും ആഗ്രഹിക്കാത്ത എത്തിയോപ്പിയ, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് പലരും പ്രവാസ ജീവിതത്തിലേക്ക് മടങ്ങുന്നത്.
കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ സര്‍വീസ് യു.എ.ഇ വിലക്കിയത്. ജൂലൈ 31 വരെ വിലക്ക് തുടരുമെന്നാണ് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
യു.എ.ഇ ലേക്ക് എത്തുന്നതിന് 14 ദിവസത്തിനുള്ളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല എന്നും നിബന്ധനകളില്‍ പറയുന്നു. അതിനാലാണ് പലരും വിവിധ രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയതിന് ശേഷം യു.എ.ഇലേക്ക് തിരിക്കുന്നത്.
Also Read: India-UAE Flight News: ഇന്ത്യ-യുഎഇ വിമാന സർവീസ് 31ന് ശേഷമെന്ന് ഇത്തിഹാദ്
കൊച്ചി സ്വദേശിയായ രഞ്ജിത്ത് നായര്‍ ദുബായിലെത്തിയത് ഉസ്ബെക്കിസ്ഥാന്‍ വഴിയായിരുന്നു. ഉസ്ബെക്കിസ്ഥാനില്‍ മേയ് 31 നെത്തിയ രഞ്ജിത്ത് 14 ദിവസം തലസ്ഥാന നഗരമായ താഷ്കെന്റില്‍ കഴിഞ്ഞു. തുടര്‍ന്ന് ജൂണ്‍ 16 ന് ദൂബായിലും എത്തി. രഞ്ജിത്തിനൊപ്പം 60 ഇന്ത്യക്കാരുമുണ്ടായിരുന്നു.
കേരളത്തില്‍ നിന്നും സമാന രീതിയില്‍ മറ്റ് രാജ്യങ്ങള്‍ വഴി ദുബായില്‍ എത്തിയവരുമുണ്ട്. ഫൗദ് അഷ്റഫ് എന്നയാള്‍ യു.എ.ഇ ലേക്ക് മടങ്ങിയത് സെര്‍ബിയ വഴിയാണ്. ദോഹയില്‍ നിന്നും സെര്‍ബിയയിലെ ബെൽ ഗ്രേഡിലെത്തിയതിന് ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പിന്നീടാണ് യു.എ.ഇലെത്തിയത്.
Read More: India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി
ഇവര്‍ രണ്ട് പേരും ഇത്തരത്തിലാണ് യു.എ.ഇലെത്തിയതെന്ന് ദി നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കേരളത്തില്‍ നിന്ന് ഖത്തര്‍ വഴിയും ദുബായ് യാത്രക്ക് അവസരം ഒരുങ്ങുന്നുണ്ട്. ദുബായിലേക്കുള്ള 13 പേര്‍ ഇന്ന് രാത്രിയിലെ വിമാനത്തില്‍ കോഴിക്കോട് നിന്ന് യാത്ര തിരിക്കും.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കുമായിരിക്കും യു.എ.ഇലേക്ക് യാത്രാനുമതി. നേരത്തെ നിര്‍ത്തലാക്കിയ ഓണ്‍ അറൈവല്‍ വിസയും ഖത്തര്‍ പുനസ്ഥാപിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ക്വാറന്റൈന്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചിലവാകുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നത്. യാത്രയ്ക്ക് മുന്‍പ് ഖത്തറിലെ ഇഹ്തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യുകയും വേണം.
Also Read: India-UAE Flight News: വിമാന സർവീസ് എപ്പോൾ പുനരാരംഭിക്കും; ഗൾഫ് യാത്രയിലെ അനിശ്ചിതത്വം തുടരുന്നു