അബുദാബി: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തൊഴില്‍ വിസ നല്‍കരുതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അനധികൃതമായി നടത്തുന്ന ഏജന്‍സികളുടെ സഹായത്തോടെ യുഎഇയില്‍ എത്തുന്ന സ്ത്രീകള്‍ നിരവധി പ്രശ്നങ്ങളിലാണ് ചെന്നു പെടുന്നതെന്ന് പറഞ്ഞാണ് വിദേശകാര്യമന്ത്രി യുഎഇയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഇത്തരം സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്’ എന്നാണ് സുഷമ പറഞ്ഞത്.
ഡല്‍ഹിയില്‍ ഇന്ത്യന്‍ സാമൂഹ്യ സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ‘ടൂറിസ്റ്റ് വിസയിലൂടേയും വിസിറ്റിങ് വിസയിലൂടേയും വിദേശത്ത് പോകുന്ന സ്ത്രീകള്‍ മിക്കപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണ്. അതുകൊണ്ട് ഇത്തരം സ്ത്രീകളുടെ യാത്ര തടഞ്ഞ് അവരെ ചൂഷണത്തില്‍ രക്ഷിക്കാനായാണ് സര്‍ക്കാര്‍ ശ്രമം. ഇത് സംബന്ധിച്ച് യുഎഇ സര്‍ക്കാരിനോട് തൊഴില്‍ വിസ നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അനധികൃതമായി നിയമന ഏജന്‍സികള്‍ നടത്തുന്നവരെ പിടികൂടാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്,’ സുഷമ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പല രാജ്യങ്ങളിലും പെട്ട് പോയ 2,33,000 ഇന്ത്യന്‍ തൊഴിലാളികളെയാണ് സര്‍ക്കാര്‍ ഇടപെട്ട് രക്ഷിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദേശത്ത് ജോലി നേടാന്‍ നിയമപരമായ മാര്‍ഗത്തിലൂടെ മാത്രമേ ശ്രമിക്കാവൂ എന്നും സുഷമ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം ഊഷ്മളമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.