scorecardresearch
Latest News

ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെത്തിയ ട്രംപ് സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഇസ്രയേലിലെത്തും

ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

റിയാദ്: ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ തീവ്രവാദത്തിന്റെ ഇരകളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില രാജ്യങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ വളരെ ശക്തമാണ്. സെപ്റ്റംബർ 11ലെ ഭീകരാക്രമണം ഉൾപ്പെടെ തുടരെത്തുടരെയുളള ഭീകരാക്രമണങ്ങൾക്ക് അമേരിക്ക സാക്ഷിയായി. യൂറോപ്പും ഇത്തരത്തിൽ ആക്രമണങ്ങൾക്ക് ഇരയായി. ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളുടെ ഐക്യം ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും തീവ്രവാദത്തിനെതിരെയുള്ള ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള തന്റെ പ്രഥമ വിദേശപര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ ട്രംപ് അന്‍പതോളം വരുന്ന അറബ് ജിസിസി രാഷ്ട്ര തലവന്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെത്തിയ ട്രംപ് സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഇസ്രയേലിലെത്തും. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് യാതൊരു വിധ സഹായവും ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും ലഭിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ട്രംപ് ജിസിസി രാഷ്ട്ര നേതാക്കളോടും മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കളോടും അഭ്യര്‍ത്ഥിച്ചു. തീവ്രവാദം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതാണ്. ചേരിതിരിഞ്ഞ് വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നാല്‍ തീവ്രവാദികള്‍ മുതലെടുപ്പ് നടത്തും. അതിന് അവസരമുണ്ടാക്കരുതെന്നും രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടാനും ഓരോ പൗരന്റെയും അവകാശങ്ങള്‍ ഉറപ്പ് വരുത്താനും അമേരിക്കയുടെ സഹായം എന്നുമുണ്ടാകുമെന്നും ട്രംപ് ഉറപ്പ് നല്‍കി.

Donald Trump, saudi arabia
റിയാദില്‍ നടന്ന ജിസിസി രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

അന്‍പതോളം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു. തീവ്രവാദ വെല്ലുവിളികള്‍ നേരിടുന്നത് നന്‍മയും തിന്‍മയും തമ്മിലുള്ള യുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. നിങ്ങള്‍ വിശുദ്ധമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ നിന്നും തീവ്രവാദത്തെ തുടച്ചു നീക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനായി നിങ്ങള്‍ ഒത്തുചേരണമെന്ന് അറബ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളോട് ട്രംപ് ആഹ്വാനം ചെയ്തു. ജിസിസി നേതാക്കളുടെ യോഗത്തിലും ട്രംപ് പങ്കെടുത്തു. കൂടാതെ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ വിവിധ രാഷ്ട്രത്തലവന്‍മാരുമായി ട്രംപ് പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അല്‍സീസി ട്രംപിനെ ഈജിപ്ത് സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ചു. ആരേയും ഒരാളുടേയും താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനല്ല മറിച്ച് സമാധാനപൂര്‍വ്വമായ ഒരു ഭാവിക്കായി കൂട്ടായി പ്രയത്നിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തുടക്കമിടുന്നതിനാണ് നാമിവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് പ്രസിഡണ്ട് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.

ഇസ്രയേലിനെക്കൂടാതെ ഇറ്റലിയും വത്തിക്കാന്‍ സിറ്റിയും ബെല്‍ജിയവുമാണ് 9 ദിവസത്തെ തന്റെ ആദ്യ വിദേശപര്യടനത്തില്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തന്റെ ആദ്യ വിദേശപര്യടനം ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ നിന്നാരംഭിക്കുന്നത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: India has been victim of terrorism says donald trump saudi arabia