മനാമ: മലയാളികളുടെ കൂട്ടായ്മയായ ‘ഇന്‍ഡക്‌സ് ബഹ്‌റൈന്‍’ നേതൃത്വത്തില്‍ സമാഹരിച്ച സ്‌കൂള്‍ ടെക്‌സ്റ്റ് ബുക്കുകളുടെ വിതരണം ഈ മാസം 30ന് കേരളീയ സമാജത്തില്‍ നടക്കും. സംഘാടകര്‍ ശേഖരിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. വൈകീട്ട് ഏഴുമുതല്‍ 10 വരെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യാനുസരണം പുസ്തകങ്ങള്‍ കൈപ്പറ്റാമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളില്‍ പുനരുപയോഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായമാവുക, പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പുതിയ തലമുറക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി തയാറാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ ഇതിന് പ്രതീക്ഷിച്ചതിനേക്കാളും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

വിവിധ ഇടങ്ങളില്‍ 32 ബോക്‌സുകള്‍ സ്ഥാപിച്ച് ബഹ്‌റൈനിലെ വിവിധ സംഘടനകളുമായി കൈകോര്‍ത്തായിരുന്നു പുസ്തകശേഖരണം. ഇവിടെ രക്ഷിതാക്കളും കുട്ടികളും ഉപയോഗിച്ച പുസ്തകങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു. സംഘാടകര്‍ പിന്നീട് അതു ശേഖരിച്ച് തരംതിരിച്ചു. മൂന്ന് ആഴ്ചക്കിടെ 1000ത്തിലധികം പേര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നത്രയും പുസ്തകങ്ങള്‍ ശേഖരിക്കാനായി.

30ന് നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്ക് നോട്ടുപുസ്തകങ്ങളും പെന്‍സിലും പേനയും കട്ടറും അടങ്ങിയ കിറ്റും സൗജന്യമായി നല്‍കും. ചടങ്ങില്‍ കേരളീയ സമാജം അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമുണ്ടാകും. നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ആവശ്യമുള്ളവര്‍ സേവി മാത്തുണ്ണിയുമായി (36800676) ബന്ധപ്പെടണം. നോട്ടുബുക്കും സ്‌റ്റേഷനറി സാധനങ്ങളും ആവശ്യമുള്ളവര്‍ കുട്ടികളുടെ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൈവശം വെക്കണം. ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന.

ചെറിയ വരുമാനമുള്ളവരും കുടുംബമായി കഴിയുന്ന ബഹ്‌റൈനില്‍ കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്ന കാലം പലര്‍ക്കും അധിക സാമ്പത്തിക ബാധ്യതകളുടേതാണ്. ഇവര്‍ക്ക് പുസ്തക വിതരണം ആശ്വാസമാകും. ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ നല്‍കാനും വേണ്ടത് എടുക്കാനും കഴിയുന്ന കൈമാറ്റ മേളയായും രക്ഷിതാക്കള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. ടെക്‌സ്റ്റ് പുസ്തകങ്ങളും ഗൈഡുകളും ആവശ്യമുള്ള മുഴുവന്‍ രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പരിപാടിയോടനുബന്ധിച്ച് മരങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്ത് വലിയ ക്യാന്‍വാസില്‍ ഇലകള്‍ വെച്ച് ചിത്രം വരക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പുസ്തക കൈമാറ്റത്തിന് കേന്ദ്രീകൃത സ്വഭാവമുണ്ടാക്കാന്‍ സാധിച്ചുവെന്നതാണ് ഈ ക്യാംപയിനിന്റെ പ്രധാന നേട്ടമെന്നും അവര്‍ അവകാശപ്പെട്ടു.

വിവരങ്ങള്‍ക്ക് സാനി പോള്‍: 39855197, അജി ഭാസി: 38809471, റഫീഖ് അബ്ദുല്ല: 38384504, അനീഷ് വര്‍ഗീസ്: 39899300, ലത്തീഫ് ആയഞ്ചേരി: 39605806 എന്നിവരുമായി ബന്ധപ്പെടണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ