റിയാദ്: പെരുമ്പടവം ശ്രീധരൻറെ “ഒരു സങ്കീർത്തനംപോലെ” എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത “In Return: Just a Book” (പകരം, ഒരു പുസ്തകം മാത്രം ) എന്ന ഡോക്യഫിക് ഷൻ ഫിലിം റിയാദ് ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു

45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ സൗദി അറേബ്യയിലെ ആദ്യപ്രദർശനമാണിത്. വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയും അദ്ദേഹത്തിൻറെ സ്‌റ്റെനോഗ്രാഫർ ആയി ഏതാനും ദിവസങ്ങൾ ജോലിചെയ്ത അന്നയെന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് “ഒരു സങ്കീർത്തനം പോലെ” യുടെ പ്രമേയം. താനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യൻ സാഹിത്യത്തിലുള്ള പരിചയത്തിൻറെ പിൻബലത്തിൽ തികച്ചും ഭാവനാത്മകമായി ആവിഷ്കരിക്കുകയാണ് പെരുമ്പടവം ശ്രീധരൻ ചെയ്യുന്നത്. ഇതിലെ ചില സന്ദർഭങ്ങൾ കോർത്തിണക്കി സെൻറ് പീറ്റേഴ്സ്ബർഗ്ഗ് നഗരത്തിലെ ദസ്തയേവ്സ്കിയുടെ വീട്ടിലും (ഇപ്പോൾ മ്യൂസിയം) പെരുമ്പടവത്തുമായാണ് “പകരം, ഒരു പുസ്തകം മാത്രം” ചിത്രീകരിച്ചിരിക്കുന്നത്.

ദസ്തയേവ്സ്കിയും അന്നയുമായി പ്രസിദ്ധ റഷ്യൻ അഭിനേതാക്കൾ വ്ളദിമിർ പോസ്‌നിക്കോവും ഒക്‌സാന കാർമിഷിനയും വേഷമിട്ടു. പുറമെ നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സക്കറിയ തന്നെയാണ് ശബ്ദം നൽകിയത്. ശരത്തിന്റെതാണ് സംഗീതം. ബേബി മാത്യു സോമതീരം നിർമ്മിച്ച ഡോക്യൂമെന്ററിയുടെ ഛായാഗ്രാഹണം കെ.ജി.ജയനും, എഡിറ്റിംഗ് അജിത് കുമാർ ബി.യുമാണ് നിർവഹിച്ചിരിക്കുന്നത്.

പ്രദർശനത്തിനുശേഷം ഡോക്യൂമെൻററിയെക്കുറിച്ചും ദസ്തയേവ്സ്കിയുടെ സർഗ്ഗജീവിതത്തെക്കുറിച്ചുമുള്ള ചർച്ചയും നടന്നു. അന്നയോടുള്ള പ്രണയത്തിൻറെ തീവ്രതക്കൊപ്പം ദസ്തയേവ്സ്കിയുടെ പ്രക്ഷുബമായ വ്യക്തിജീവിതവും സർഗ്ഗാത്മക ജീവിതത്തിലെ ചില ഏടുകളും പെരുമ്പടവം ശ്രീധരനെന്ന നോവലിസ്റ്റിൻറെ മനസ്സിലൂടെ വരച്ചുകാട്ടുന്നതിൽ ഷൈനി ജേക്കബ് ബെഞ്ചമിൻ വിജയിച്ചിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ പുനർവായന പ്രിയ സന്തോഷ് നടത്തി. അന്നയുമായി ബന്ധപ്പെടുന്നതിന് കാരണമായ “ചൂതാട്ടക്കാരൻ ” എന്ന രചനക്ക് ആസ്പദമായ ദസ്തയേവ്സ്കിയുടെ ആദ്യ യൂറോപ്പ് യാത്രയും ചൂതാട്ട അനുഭവങ്ങളും പോളിന സുസ്ലോവയെന്ന യുവതിയുമായുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണപ്രണയവും ആകസ്മികമായ വേർപിരിയലും പ്രതിപാദിക്കുന്ന “A writer in his time” എന്ന ജോസഫ് ഫ്രാങ്കിൻറെ ബൃഹദ് ജീവചരിത്രത്തിൽ നിന്നുള്ള ഏതാനും അധ്യായങ്ങൾ ആർ മുരളീധരൻ അവതരിപ്പിച്ചു.

അന്നയുമായുള്ള വിവാഹത്തിനുശേഷം ദസ്തയേവ്സ്കിയുടെ 1867 -1871 കാലഘട്ടത്തെ യൂറോപ്യൻ ജീവിതത്തെ ആവിഷ്കരിക്കുന്ന സോവിയറ്റ് എഴുത്തുകാരൻ ലയണിഡ് ട്സിപ്കിൻറെ നോവൽ “സമ്മർ ഇൻ ബെഡൻ ബെഡൻ” -ൻറെ വായനാനുഭവം ഇക്‌ബാൽ കൊടുങ്ങല്ലൂർ പങ്കുവച്ചു.

ടി.ആർ.സുബ്രഹ്മണ്യൻ തുടക്കം കുറിച്ച പരിപാടിയിൽ, ജയചന്ദ്രൻ നെരുവമ്പ്രം, അനിത നസിം, റസൂൽ സലാം, സിജിൻ കോവല്ലൂർ, നിജാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു നൗഷാദ് കോർമത്ത് മോഡറേറ്റർ ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook