മനാമ: രാജ്യത്ത് നൂറിലധികം നിയമ വിരുദ്ധ ഷീഷ കടകള്‍ പ്രവര്‍ത്തിക്കുന്നതായി വിലയിരുത്തല്‍. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ അടിയന്തിര നടപടികള്‍ കൈക്കൊള്ളും. ആരോഗ്യ വകുപ്പ് അധികൃതര്‍ അന്‍പതോളം അനധികൃത കേന്ദ്രങ്ങള്‍ക്കു താക്കീതു നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ആവശ്യമായ ലൈസന്‍സുകള്‍ ഉറപ്പുവരുത്താനാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ കാല പരിധിക്കുള്ളില്‍ രേഖകള്‍ കൃത്യമല്ലെങ്കില്‍ സ്ഥിരമായി അടച്ചു പൂട്ടേണ്ടി വരുമെന്നും അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് 115 കോഫി ഷോപ്പുകള്‍ക്കുമാത്രമേ ഷീഷ ഉപയോഗിക്കാന്‍ ലൈസന്‍സുള്ളൂ എന്നു ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴിലുള്ള റസ്‌റ്റോറന്റ് കോഫി ഷോപ്പ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഹമദ് ടൗണ്‍, ഹമാല തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നൂറിലധികം ഷീഷ കടകള്‍ നിയമ വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ വേറെയും നിരവധി നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. നിമയ വിരുദ്ധ തൊഴിലാളികളെയാണ് ഇവിടങ്ങളില്‍ ജോലിക്കെടുക്കുന്നത്. 50 ശതമാനം ഏരിയ പുകവലിക്കാത്തവര്‍ക്കു നീക്കി വെയ്ക്കണമെന്ന മാനദണ്ഡം ഇത്തരം കേന്ദ്രങ്ങള്‍ പാലിക്കുന്നില്ലെന്നും കമ്മിറ്റി മേധാവി അഹ്മദ് അല്‍ സലൂം പറഞ്ഞു.

റോഡില്‍ നിര്‍ത്തിയിടുന്ന കാറില്‍ ഷിഷ എത്തിച്ചുകൊടുക്കുന്ന രീതിയും കണ്ടുവരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഇവര്‍ ഷീഷ നല്‍കുന്നുണ്ട്. കാര്‍ പാര്‍ക്കുകളിലും നടപ്പാതകളിലും ഷീഷ എത്തിച്ചുകൊടുക്കുന്ന നിയമ വിരുദ്ധ തെരുവു കച്ചവടക്കാരും ഉണ്ട്. പ്രായപൂര്‍ത്തിയാവാത്തവര്‍ വരെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നു ഷീഷ വലിക്കുന്നു. ഹമാല, ഹൂറ, ബുദയ്യ, മുഹറഖ് തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഷീഷ എത്തിക്കുന്ന വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കുന്നതു ബംഗ്ലാദേശ് സ്വദേശികളാണെന്നാണു വിവരം.

നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ഷീഷ കടകള്‍ ലൈസന്‍സിനും സൗകര്യങ്ങള്‍ ഒരുക്കാനുമായി ആയിരക്കണക്കിനു ദിനാറാണു മുടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ചെലവുമില്ലാതെയാണ് നിയമ ലംഘകര്‍ വിലസുന്നത്. അതിനാല്‍ മേഖലയില്‍ ഉണ്ടാക്കിയ അനാരോഗ്യകരമായ മല്‍സരം കാരണം നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പല റസ്‌റ്റോറന്റുകളും അടച്ചു പൂട്ടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഷീഷ കടകള്‍ക്കു നിയമ വിധേയമാക്കാന്‍ മൂന്നു മാസത്തെ കാലാവധി അനുവദിക്കണമെന്നും അതിനു ശേഷം ഇത്തരം കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ചേംബര്‍ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ