scorecardresearch
Latest News

അബുദാബി ക്യാമ്പസ്: ഡല്‍ഹി ഐ ഐ ടി സംഘം ഈ മാസം യു എ ഇ സന്ദര്‍ശിക്കും

യു എ ഇയില്‍ ഐ ഐ ടി കാമ്പസ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 18 നാണു തത്വത്തില്‍ പ്രഖ്യാപിച്ചത്

അബുദാബി ക്യാമ്പസ്: ഡല്‍ഹി ഐ ഐ ടി സംഘം ഈ മാസം യു എ ഇ സന്ദര്‍ശിക്കും

അബുദാബി: ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) യില്‍നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങളുടെ ഉന്നതതല സംഘം ഈ മാസം അബുദാബി സന്ദര്‍ശിക്കും. യു എ ഇയില്‍ ക്യാമ്പസ് സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഇരു രാജ്യങ്ങളുടെയും സംയുക്ത കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം.

യു എ ഇയില്‍ ഐ ഐ ടി കാമ്പസ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 18 നാണു തത്വത്തില്‍ പ്രഖ്യാപിച്ചത്. അന്നുമുതല്‍, നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനുള്ള രീതികള്‍ രൂപപ്പെടുത്തുന്നതിന് ഇരുപക്ഷവും ബന്ധപ്പെട്ടിരുന്നു. നിര്‍ദേശം നടപ്പാക്കുന്നതിനായി ഡല്‍ഹിയിലെ ഐ ഐ ടിയുടെ ഒരു ചെറിയ സംഘം അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദേശത്ത് ഐ ഐ ടി ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗ പാതയിലാണെന്നും മലേഷ്യയിലെയും ടാന്‍സാനിയയിലെയും കാമ്പസിനൊപ്പം അബുദാബി കാമ്പസും ഒരു വര്‍ഷത്തിനകം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ ഐ ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി കാമകോടി മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ ഐഐടി കാമ്പസുകളിലെ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമേ ഇന്ത്യക്കാരായിരിക്കൂവെന്നാണ് ഐ ഐ ടി കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിദഗ്ധ സമിതി നല്‍കിയ ശിപാര്‍ശയില്‍ പറയുന്നത്. ബാക്കി സീറ്റുകള്‍ അതതു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവയ്ക്കും.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ രാജ്യത്തെ 23 ഐ ഐ ടികളും പങ്കെടുത്ത ദ്വിദിന പരിപാടി ഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു അബുദാബി സന്ദര്‍ശനം അറിയിച്ചത്.

ഐ ഐ ടി ഇന്നൊവേഷന്‍സ് എന്നു പേരിട്ട പരിപാടിയില്‍ 75 പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഐ ഐ ടികളുടെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ”മുന്‍നിരയിലുള്ളവരുടെ വിവരസാങ്കേതികവിദ്യയും ആശയവിനിമയ സാങ്കേതികവിദ്യയും ഉപയോഗിച്ച് വളര്‍ച്ചയുടെയും വികാസത്തിന്റെയും അടുത്ത ഘട്ടത്തെ സാങ്കേതികവിദ്യ നയിക്കും. നമ്മുടെ ഐ ഐ ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Iit delhi team will visit abu dhabi this month