ജിദ്ദ: ഭാര്യയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പത്തു ലക്ഷം റിയാല്‍ കൈക്കലാക്കാന്‍ ബന്ദി നാടകം കളിച്ച ലബനോൻ, പലസ്തീൻ, പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. സൗദി വ്യവസായ പ്രമുഖന്റെ മകളായ 34കാരിയുടെ ഭര്‍ത്താവാണ് ഭാര്യയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ബന്ദി നാടകം ആസൂത്രണം ചെയ്തത്. ഭാര്യാപിതാവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പാക്കിസ്ഥാനിയുമായി ലെബനോൻ സ്വദേശിയായ ഭര്‍ത്താവിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ഭാര്യയുടെ പക്കല്‍നിന്ന് പത്തു ലക്ഷം റിയാല്‍ കൈക്കലാക്കാന്‍ പാക്കിസ്ഥാനിയുടെ സഹായം തേടിയത്.

മൂന്നാഴ്ച മുമ്പാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതി വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പണം കൈമാറുകയുള്ളൂവെന്ന് പാക്കിസ്ഥാനിയെ യുവതിയുടെ ഭര്‍ത്താവ് അറിയിച്ചിരുന്നു. ഗൂഢാലോചന നടപ്പാക്കുന്നതിന് തയാറെടുപ്പുകള്‍ ആരംഭിച്ച പാക്കിസ്ഥാനി പലസ്തീന്‍ സ്വദേശിയായ മൂന്നാമന്‍റെ സഹായവും തേടി. കൃത്യം നടത്തുന്നതിനു വേണ്ടി തോക്കും കത്തികളും സംഘടിപ്പിച്ച പ്രതികള്‍ ദമ്പതികളുടെ വീട്ടില്‍ കയറി ഭര്‍ത്താവിനെ ബന്ദിയാക്കി. പത്തു ലക്ഷം റിയാല്‍ കൈമാറിയില്ലെങ്കില്‍ ലെബനോനിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.

ഭാര്യയുടെ മനസ്സലിയിപ്പിക്കാന്‍ ശ്രമിച്ച് ലെബനോനി തന്റെ ജീവന്‍ രക്ഷിക്കണമെന്ന് യുവതിയോട് കേണപേക്ഷിച്ചു. ആവശ്യം അംഗീകരിക്കുന്നതായി പ്രതികളെ അറിയിച്ച യുവതി പണം സംഘടിപ്പിക്കുന്നതിനുവേണ്ടി ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് തന്ത്രപൂര്‍വം ആവശ്യപ്പെട്ടു. ഈ സമയത്ത് ഇവര്‍ അക്രമികള്‍ അറിയാതെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് വിവരം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ വീട് വളഞ്ഞ പൊലീസ് പ്രതികളായ പാക്കിസ്ഥാനിയെയും പലസ്തീനിയെയും കീഴടക്കി. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ബ്ലാക്ക്‌മെയിലിങ് പദ്ധതി ആസൂത്രണം ചെയ്തത് യുവതിയുടെ ഭര്‍ത്താവായ ലെബനോനി തന്നെയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ