റിയാദ് : സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവശ്യയായ അബഹക്ക് ഇത് തേൻമഴക്കാലം. നാട്ടു വഴികളിലെ കാറ്റിന് തേൻ മണമുള്ളയിടമാണ് അബഹ. പതിനൊന്നാമത് അന്താരാഷ്ട്ര തേൻ മേളക്കാണിപ്പോൾ അബഹ സാക്ഷ്യം വഹിക്കുന്നത്.

സൗദിയിൽ വേനലവധിയായതിനാൽ കുടുംബത്തോടെയാണ് വിവിധ പ്രവിശ്യകളിൽ നിന്ന് തേൻ മേള കാണാൻ സ്വദേശികളും വിദേശികളും ഒഴുകുന്നത്. സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയായ അബഹയിൽ അവധിക്കാലം ചിലവിടാൻ സ്വദേശികൾ എത്തുന്നത് സാധാരണയാണ്. മേളയോട് അനുബന്ധിച്ച് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് വിവിധ കലാ പരിപാടികൾ അരങ്ങേറുന്നുണ്ട്.

മുൻകൂട്ടി അനുമതി വാങ്ങിയ തേൻ വ്യാപാരികൾ രാജ്യത്തിന് പുറത്ത് നിന്നും തേനുകളുമായി പ്രദർശനത്തിനെത്തിയിട്ടുണ്ട്. കിലോക്ക് 400 റിയാൽ മുതൽ 1000 റിയാൽ വരെയുള്ള തേനുകൾ മേളയിൽ ലഭ്യമാണ്. രുചിച്ച് നോക്കി ഗുണ നിലവാരം മനസിലാക്കി തേൻ വാങ്ങാനുള്ള സൗകര്യങ്ങൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിദത്തമായ തേനുൽപ്പാദനമാണ് അബഹയിലെ ഗോത്രവർഗ്ഗക്കാരുടെ പ്രധാന തൊഴിൽ. സൗദിയുടെ മറ്റ് പ്രവിശ്യകളിൽ പൊള്ളുന്ന ചൂട് അനുഭവപ്പെടുമ്പോഴും അബഹ മഞ്ഞും മഴയും പാറി വീഴുന്ന നഗരമെന്നത് മേളയിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്.

വാർത്ത : നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook