മനാമ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന വന്‍ മയക്കുമരുന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും പിടികൂടി. ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 455 കിലോ ഗ്രാം കഞ്ചാവും 266 കിലോ ഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന (സിടിഎഫ് 150)യിലെ അംഗമായ ബ്രിട്ടീഷ് യുദ്ധകപ്പല്‍ എച്ച്എംഎസ് മോണ്‍മൗത്താണ് മയക്കുമരുന്ന് പിടികൂടിയത്.

സംശയകരമായ നിലയില്‍ കണ്ട പരമ്പരാഗത അറബ് ശൈലിയിലുള്ള ബോട്ടിനെ രണ്ടു സൈനിക ബോട്ടുകളയച്ച് തടയുകയായിരുന്നു. സാധാരണ മത്സ്യ ബന്ധനം നടക്കാത്ത മേഖലയിലായിരുന്നു ബോട്ട്. ഏറെ നേരത്തെ തിരച്ചിലിനു ശേഷവും ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തു. അവരുടെ മറുപടിയില്‍ സംശയം തോന്നിയ കമാന്‍ഡോകളും തിരച്ചില്‍ വിദഗ്ധരും വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ബോട്ടില്‍ 60 മണിക്കൂറോളം നീണ്ട തിരച്ചിലിനു ശേഷം ഫ്രീസറില്‍ മൂന്നു ടണ്‍ ഐസിനു കീഴില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഇവ പിന്നീട് കടലിലേക്ക് ഏറിഞ്ഞ് നശിപ്പിച്ചു.

ഇവയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 65 ദശലക്ഷം യൂറോ വിലവരും. മെയ് 25നും 30നും ഇടയിലായിരുന്നു ഇവ മയക്കുമരുന്നു വേട്ട. സമീപകാലത്തായി വന്‍ മയക്കുമരുന്നു വേട്ടയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്നത്. സിടിഎഫ് 150നു കീഴില്‍ മേയിലെ വിജയകരമായ മൂന്നാമത്തെ വന്‍കിട മയക്കുമരുന്നു വേട്ടയാണിത്. ഓസ്‌ട്രേലിയന്‍ യുദ്ധ കപ്പല്‍ എച്ച്എംഎഎസ് അരുന്ധ മെയ് 10ന് ആഫ്രിക്കന്‍ തീരത്തുവച്ച് 250 കിലോ ഹെറോയിനും മെയ് മൂന്നിനു ഫ്രഞ്ച് യുദ്ധകപ്പലായ സര്‍കൗഫ് 400 കിലോ ഹെറോയിനും പിടികൂടിയിരുന്നു. മാര്‍ച്ച് മൂന്ന്, മാര്‍ച്ച് 13ന്, ഏപ്രില്‍ 28, മെയ് 3 എന്നീ തീയതികളില്‍ എല്ലാം വന്‍തോതില്‍ മയക്കുമരുന്നു പിടികൂടിയിരുന്നു. മാര്‍ച്ച് 13ന് അറബിക്കടലില്‍ ബോട്ടില്‍ കടത്തിയ 270 കിലോ ഹെറോയിന്‍ അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് ലബൂണ്‍ പിടികൂടിയിരുന്നു.

narcotics

മയക്കുമരുന്ന് കടത്തിയ ബോട്ടിലേക്ക് സൈനികര്‍ ചെറു ബോട്ടില്‍ എത്തിയപ്പോള്‍

ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലാണ് സിടിഎഫ് പ്രവര്‍ത്തിക്കുന്നത്. കടല്‍ കൊള്ളയും കടല്‍ വഴിയുള്ള ഭീകരതയും തടയാനായി രൂപീകരിച്ചതാണ് സിഎംഎഫ്. ഇതില്‍ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഇതിനു കീഴിലെ മൂന്നു സമുദ്ര ദൗത്യ സംഘങ്ങളില്‍ ഒന്നാണ് സിടിഎഫ് 150. സമുദ്രമേഖലയിലെ ഭീകര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് സിടിഎഫ് 150 രൂപീകരിച്ചത്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, എന്നിവടങ്ങളിലായി 20 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ സിടിഎഫ് പ്രവര്‍ത്തിക്കുന്നു. ഫ്രഞ്ച് നാവിക സേനക്കാണ് ഇപ്പോള്‍ സിടിഎഫ് 150 കമാന്‍ഡ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook