scorecardresearch
Latest News

ദുബായ്‌യിൽ സർക്കാർ ജോലി വേണോ? അപേക്ഷിക്കുന്നതിങ്ങനെ

ദുബായ് കരിയേഴ്സ് എന്ന ദുബായ് സർക്കാരിന്റെ ഔദ്യോഗിക ജോബ് പോർട്ടൽ വഴി പ്രവാസികൾക്കും ജോലിയ്ക്കായി അപേക്ഷിക്കാം

UAE Jobs, UAE Jobs News, UAE Jobs Latest, UAE Jobs Salary, UAE Jobs News Updates, Gulf News, Gulf Malayalam News, IE Malayalam
നഷ്ടപരിഹാരം ലഭിക്കാന്‍ ജീവനക്കാര്‍ പദ്ധതിയിലേക്കു പ്രീമിയം അടയ്ക്കണം

ദുബായ്‌യിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതും സർക്കാർ ജോലി. എന്നാൽ അതിനായി എവിടെ അപേക്ഷ സമർപ്പിക്കും എന്നാണോ ചിന്തിക്കുന്നത് ? ഇതിനായുള്ള ഏറ്റവും എളുപ്പ മാർഗമാണ്, സർക്കാരിന്റെ ഔദ്യോഗിക ജോബ് പോർട്ടലായ ദുബായ് കരിയേഴ്സ്.

ഡിജിറ്റൽ ദുബായ് അതോറിറ്റി നിയന്ത്രിക്കുന്ന പോർട്ടലിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) തുടങ്ങി എമിറേറ്റിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കും.

സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ജോലികൾ കൂടുതലും ഉയർന്ന വൈദഗ്ധ്യമുള്ളതും പ്രൊഫഷണൽ വിഭാഗങ്ങളിൽപ്പെടുന്നതുമാണ്. കൂടാതെ പല ജോലികളും എമിറേറ്റികൾക്കും പ്രവാസികൾക്കും അപേക്ഷിക്കാവുന്നതാണ് എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

എന്താണ് ദുബായ് കരിയേഴ്സ്?

ഡിജിറ്റൽ ദുബായിയുടെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനുമാണ് ദുബായ് കരിയേഴ്സ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 2021 ജൂണിൽ ഡിജിറ്റൽ ദുബായ് സ്ഥാപിച്ചത്.

ദുബായ് കരിയേഴ്സ് (www.dubaicareers.ae) 45 സർക്കാർ വകുപ്പുകളുമായി തൊഴിലന്വേഷകരെ ബന്ധിപ്പിക്കുന്നു. ഇമെയിൽ അറിയിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിലൂടെ തൊഴിൽ ലിസ്റ്റിംഗുകളുടെ ട്രാക്ക് സൂക്ഷിക്കാനാകും. പോർട്ടലിലൂടെ വീഡിയോ കോൾ വഴി തൊഴിൽ അഭിമുഖങ്ങളിലും പങ്കെടുക്കാം.

ദുബായ് കരിയേഴ്സിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

  • ദുബായ് കരിയേഴ്സിന്റെ വെബ്സൈറ്റിൽ ചെന്ന് മെനുബാറിലുള്ള മൈ പ്രൊഫൈൽ എന്നതിൽ ക്ലിക്ക് ചെയ്യുക. ന്യൂ യൂസർ എന്നതിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡിയും പാസ്വേഡും നൽകി അക്കൗണ്ട് സൃഷ്ടിക്കുക.
  • നിങ്ങളുടെ റെസ്യൂമെയുടെ ഡിജിറ്റൽ കോപ്പി അപ്ലോഡ് ചെയ്യുക. ദുബായ് കരിയേഴ്സ് വെബ്സൈറ്റിൽ റെസ്യൂമെ അപ് ലോഡ് ചെയ്ത് കഴിഞ്ഞാൽ സിസ്റ്റം ഓട്ടോമാറ്റിക്കായി ആവശ്യമുള്ള വിവരങ്ങൾ എടുത്ത് ഓൺലൈൻ സബ്മിഷന്റെ അടുത്ത ഭാഗങ്ങൾ സ്വയം പൂരിപ്പിക്കുന്നു.
  • അടുത്തതായി നിങ്ങളുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റുകൾ അപ് ലോഡ് ചെയ്യുക. ഇതിനായി പാസ്പോർട്ടിന്റെ കോപ്പിയോ എമിറേറ്റ്സ് ഐഡിയോ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളും ഇതിനൊപ്പം നൽകാവുന്നതാണ്.
  • ഇനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും നൽകുക. റെസ്യൂമെയിൽ അടങ്ങിയിരിക്കുന്ന നിങ്ങളുടെ മുഴുവൻ പേര്, രാജ്യം , നിലവിൽ താമസിക്കുന്ന രാജ്യം, ജനനതീയതി, കോൺടാക്റ്റ് ഡീറ്റെയിൽസ് എന്നിവ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ചിട്ടുണ്ടാകും.
  • നിങ്ങളുടെ മുഴുവൻ പ്രവൃത്തി പരിചയവും രേഖപ്പെടുത്തണം. റെസ്യൂമെയിൽ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളും ഓട്ടോമാറ്റിക്കായി പൂരിപ്പിക്കും
  • നിങ്ങളുടെ പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും നൽകിയശേഷം, നിങ്ങളുടെ യുഎഇയിലെ വിലാസവും നൽകുക. അതിനുശേഷം സേവ് ചെയ്യുക. എന്നിട്ട് വീണ്ടും തുടരുക.
  • നിങ്ങളുടെ ഭാഷാ പ്രാവീണ്യവും നിലവിലെ ശമ്പളവും രേഖപ്പെടുത്തണം. അറബിക് ഭാഷയിലെ പ്രവീണ്യവും രേഖപ്പെടുത്തേണ്ടതാണ്. ഈ ഓപ്ഷൻ ഇംഗ്ലീഷിനും ലഭ്യമാണ്.
  • ഇപ്പോൾ ജോലി ചെയ്യുന്നവരാണെങ്കിൽ, നോട്ടീസ് പിരീഡിന്റെ കാലാവധിയും നിലവിലെ ലഭിക്കുന്ന ശമ്പളവും രേഖപ്പെടുത്തണം. ഇത് പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നോട്ട് സ്പെസിഫൈഡ് എന്നത് സെലക്റ്റ് ചെയ്യാവുന്നതാണ്.
  • ഇനി നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ കൊടുക്കാം. സൈറ്റിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽനിന്നു നിങ്ങളുടെ യൂണിവേഴ്സിറ്റിയും കോളജും തിരഞ്ഞെടുക്കുക. പഠനം ആരംഭിച്ച തീയതിയും പാസ്ഔട്ട് തീയതിയും നൽകുക.
  • നിങ്ങളുടെ ജോലിയിലെ പരിചയം ഒരോന്നായി വിശദമായി നൽകാം. എത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് നൽകണം. ഏറ്റവും അവസാനം ജോലി ചെയ്തതിനെക്കുറിച്ചാണ് ആദ്യം പറയേണ്ടത്.
  • നിങ്ങളുടെ റഫറൻസുകളുടെ നമ്പറുകൾ നൽകുക. നിങ്ങളുടെ ജോലിയിലെ കഴിവിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരെയാണ് റഫറൻസായി നൽകേണ്ടത്.
  • അവരുടെ പേര്, നിങ്ങളുമായുള്ള ബന്ധം, എത്രകാലമായി നിങ്ങൾ തമ്മിൽ അറിയാം, കമ്പനിയുടെ പേര്, അവരുടെതസ്തിക ,അവരുടെ മെയിൽ ഐ ഡി , മൊബൈൽ നമ്പറുകൾ എന്നിവ നൽകേണ്ടതാണ്.
  • നിങ്ങൾക്ക് താൽപര്യമുള്ള മേഖലകൾ സെലക്റ്റ് ചെയ്യുക. നിങ്ങൾക്ക് ജോലിയിൽ മുൻഗണനകൾ ഉണ്ടെങ്കിൽ അതും വ്യക്തമാക്കുക. നിങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നവയെല്ലാം ശരിയാണോ എന്ന് പരിശോധിച്ചശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക.

ജോലിക്ക് അപേക്ഷിക്കുന്നതെങ്ങനെ?

  • രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ജോലിക്ക് അപേക്ഷ നൽകി തുടങ്ങാം.
  • dubaicareers.ae എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം, ജോബ് സെർച്ചിൽ ക്ലിക്ക് ചെയ്യുക.
  • നിലവിലുള്ള തൊഴിൽ അവസരങ്ങൾ കാണാൻ സാധിക്കും. ഇതിൽ നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ജോലികൾ തിരഞ്ഞെടുക്കാം
  • എല്ലാ ജോലികളുടെയും ഒപ്പം, അത് ഏത് സർക്കാർ വിഭാഗത്തിൽ പെടുന്നതാണെന്നും, പ്രവാസികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണോയെന്നും നൽകിയിട്ടുണ്ടാകും. നിങ്ങൾക്ക് അപ്പോൾ തന്നെയോ അല്ലെങ്കിൽ അത് സേവ് ചെയ്ത്ശേഷം പിന്നീട് എപ്പോഴെങ്കിലുമോ ജോലിക്കായി അപേക്ഷിക്കാം. നിങ്ങൾ സേവ് ചെയ്യുന്ന ജോലി അവസരങ്ങൾ മൈ ജോബ് പേജിൽ കാണാൻ കഴിയും.
  • അതിനുശേഷം അപ്ലൈ നൗവിൽ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷ സമർപ്പിക്കാം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: How to apply for government jobs in dubai