scorecardresearch

സൗദിയില്‍ ഹൂതികളുടെ ആക്രമണം; ആരാംകോ പെട്രോളിയം കേന്ദ്രത്തില്‍ തീപിടിത്തം

ബാലിസ്റ്റിക് മിസൈലുകളും നൂതന ഡ്രോണുകളും ഹൂതികൾക്ക് നല്‍കുന്നത് ഇറാൻ തുടരുന്നതിനെ ഊര്‍ജ മന്ത്രാലയം വിമര്‍ശിച്ചു

Houthi attack in Saudi
Photo: Screengrab

റിയാദ്: സൗദിയിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികള്‍ അവകാശപ്പെട്ടു. ജിദ്ദയിലെ ആരാംകോയുടെ പെട്രോളിയം ഉത്പന്ന വിതരണ സ്റ്റേഷനില്‍ തകരാര്‍ സംഭവിച്ചതായും രണ്ട് സംഭരണ ടാങ്കുകളില്‍ തീപിടുത്തമുണ്ടായതായും സൗദിയുടെ നേതൃത്വത്തിലുള്ള സംഖ്യം അറിയിച്ചു. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല.

സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് നടക്കാനിരിക്കുന്ന റെഡ് സി നഗരത്തിന് മുകളിൽ കറുത്ത പുക ഉയരുന്നത് കണ്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം സമീപ ആഴ്ചകളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്വയം സംയമനം പാലിക്കുകയാണെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചയോടെ യെമെനില്‍ സൈനിക നടപടികള്‍ ആരംഭിച്ചു. ആഗോള ഊർജ സ്രോതസുകൾ സംരക്ഷിക്കാനും വിതരണ ശൃംഖല ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നാണ് വിശദീകരണം.

ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളുടെ ഫലമായുണ്ടാകുന്ന ആഗോള എണ്ണ വിതരണ തടസത്തിന്റെ ഉത്തരവാദിത്തം വഹിക്കില്ലെന്നും വ്യക്തമാക്കി. മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് വാർത്താ ഏജൻസിയായ എസ് പി എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബാലിസ്റ്റിക് മിസൈലുകളും നൂതന ഡ്രോണുകളും ഹൂതികൾക്ക് നല്‍കുന്നത് ഇറാൻ തുടരുന്നതിനേയും മന്ത്രാലയം വിമര്‍ശിച്ചു. ആക്രമണങ്ങൾ രാജ്യത്തിന്റെ ഉൽപ്പാദന ശേഷിയെയും ആഗോള വിപണികളോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിനേയും ബാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹൂതികൾക്ക് ആയുധം നൽകുന്നു എന്ന ആരോപണം ഇറാന്‍ നിഷേധിച്ചു.

Also Read: Russia – Ukraine War News: ഡോണ്‍ബാസ് ലക്ഷ്യമാക്കി റഷ്യ; സമാധനത്തിന് ആഹ്വാനം ചെയ്ത് സെലെന്‍സ്കി

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Houthi attack in saudi fire erupts at aramco petroleum storage