റിയാദ്: സൗദിയില്‍ ഗാർഹികതൊഴിലാളി സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ നിയമമില്ലെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു. വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾക്ക് ലൈസന്‍സ് കരസ്ഥമാക്കാനാവും. തീരുമാനം നടപ്പിലാകുന്നതോടെ പുരുഷന്മാരായ ലക്ഷക്കണക്കിന് ഹൗസ് ഡ്രൈവര്‍മാരുടെ ജോലി നഷ്‌ടമാകുമെന്നാണ് ആശങ്ക.

വീട്ടുജോലിക്കാരികൾ ഡ്രൈവ് ചെയ്യുന്നതില്‍ നിന്നും തടയുന്ന നിയമം നിലവില്‍ സൗദി ട്രാഫിക് നിയമത്തിലില്ലെന്ന് ട്രാഫിക് മേധാവി കേണല്‍ അബ്‌ദുല്ലാ അല്‍ ബസാമി വ്യക്തമാക്കി. വനിതകളായ ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീട്ടു ജോലിക്കാരികളെ വേണമെങ്കില്‍ ഡ്രൈവര്‍മാരാക്കാമെന്നാണ് ട്രാഫിക് മേധാവി നല്‍കുന്ന സുചന.

വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് 190 വനിതകള്‍ യോഗ്യത നേടിയിട്ടുണ്ടെന്നും കുടുതല്‍ പേര്‍ ഈ മേഖലയില്‍ ഉടനെ യോഗ്യത നേടുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുജോലിക്കാരികൾ ഉൾപ്പടെയുളള വനിതകൾക്ക് ലൈസന്‍സ് ലഭിക്കുന്നതോടെ ക്രമേണ കുടുംബത്തിന്റെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഹൗസ് ഡ്രൈവര്‍മാരെ വെട്ടിക്കുറയ്‌ക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ രാജ്യത്ത് ജോലിചെയ്യുന്ന പത്തുലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്‌ട ഭീതിയല്‍ കഴിയുകയാണ്.

ഹൗസ് ഡ്രൈവര്‍മാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി രാജ്യത്ത് 33 ദശലക്ഷം റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ജീവിത ചെലവ് വെട്ടിക്കുറക്കാനായാല്‍ ഇത് ആളോഹരി വരുമാനത്തെ ഗുണപരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം മദ്യപിച്ചും ലഹരിമരുന്നുപയോഗിച്ചും വാഹനം ഓടിക്കല്‍, വാഹനം ഇടിച്ചു മരണമോ ഗുരുതര പരുക്കോ സംഭവിക്കല്‍ തുടങ്ങിയ ഗുരുതരമായ നിയമ ലംഘനം നടത്തുന്ന വനിതാ ഡ്രൈവര്‍മാരെ കസ്‌റ്റഡിയില്‍ സൂക്ഷിക്കുന്നതിനായി സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അഭയ കേന്ദ്രത്തിനുകിഴില്‍ പ്രത്യേക കസ്റ്റഡി കേന്ദ്രങ്ങള്‍ തുറന്നു.

സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാമെന്ന നിയമം പ്രാബല്യത്തില്‍ വന്ന് രണ്ട് ദിവസങ്ങള്‍ പൂര്‍ത്തിയായിരിക്കെ കൂടുതല്‍ വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook