റിയാദ്: സുരക്ഷാ ക്യാംപയിന്റെ ഭാഗമായി റിയാദിൽ മണിക്കൂറുകൾ നീണ്ട വ്യാപക പൊലീസ് പരിശോധന. തിങ്കളാഴ്ച ഒമ്പത് മണിക്കൂറോളം സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. 165,000 വ്യാജ കാർ ഉപകരണങ്ങൾ, വ്യാജ പെർഫ്യൂമുകൾ, മൊബൈൽ ചിപ്പുകൾ എന്നിവ പിടിച്ചെടുത്തു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്റെ നിർദേശപ്രകാരമാണ് മിന്നൽ പരിശോധന നടന്നത്.

വാഹന പരിശോധനയിൽ ഹജ് ഉംറ വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തങ്ങുന്ന വിവിധ ദേശക്കാരായ 76 വിദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ ക്യാംപയിനിൽ പങ്കെടുത്ത ട്രാഫിക് വിഭാഗം 350 ഗതാഗത നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. 3500 അഴുകിയ മത്സങ്ങളും 31 ടൺ ഉപയോഗ്യ ശൂന്യമായ പച്ചക്കറികളും പഴങ്ങളും പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചു.

മലിനമായ ഭക്ഷണം സൂക്ഷിക്കുന്നതിന് ഗോഡൗണുകൾ ഉപയോഗിച്ച പതിനൊന്നോളം ഷോപ്പുകളും സംഘം പൂട്ടി സീൽ ചെയ്തു. മൻഫൂഹ ഡിസ്ട്രിക്ടിൽ അനധികൃതമായി ജോലി ചെയ്യുന്ന ഏതാനും പേർ നടത്തി വന്നിരുന്ന സമൂസ നിർമാണ ബേക്കറിയും അടപ്പിച്ചു. റിയാദ് കേന്ദ്രീകരിച്ച് നടന്ന പൊലീസ് പരിശോധനയിൽ മൊബൈൽ ഷോപ്പുകളിലെ നിയമ ലംഘനവും കണ്ടെത്തി.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ