മനാമ: ആശുപത്രി മാലിന്യം കത്തിക്കുന്നതില്‍ നിന്നുള്ള ദുര്‍ഗന്ധം സമീപ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ വ്യാപിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. റിഫ വ്യൂസ് എന്ന ആഡംബര വില്ലയിലെ താമസക്കാര്‍ നല്‍കിയ പരാതി സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി അവലോകനം ചെയ്തു. ഏരിയയിലെ കൗണ്‍സിലര്‍ ബാദര്‍ അല്‍ തമീമി, ത്വയ്യബ് അല്‍ നുഐമി എന്നിവര്‍ മുഖേന ലഭിച്ച പരാതി വെസ്റ്റ് റിഫ ആസ്ഥാനത്തു നടന്ന വാരാന്ത്യ ഓപ്പണ്‍ മജ്‌ലിസിലാണു ചര്‍ച്ച ചെയ്തത്. പരാതി പരിഗണിച്ച ചെയര്‍മാന്‍ അല്‍ അന്‍സാരി ആരോഗ്യ മന്ത്രാലയത്തിനും പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രാലയത്തിനും പരിസ്ഥിതി പരമോന്നത കൗണ്‍സിലിനും ഇതു സംബന്ധിച്ചു കത്തയച്ചു.

തുടര്‍ന്നു ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെ പ്രതിനിധി സംഘം മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ചു. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അധികൃതരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. വിവരങ്ങള്‍ ശേഖരിക്കുകയും ഇന്‍സിനറേറ്ററിന്റെ വിഡിയോ പകര്‍ത്തുകയും ചെയ്തു. ഉയര്‍ന്ന താപത്തില്‍ മാലിന്യങ്ങള്‍ കരിച്ചുകളയുന്ന ഇത്തരത്തിലുള്ള ഇന്‍സിനറേറ്റര്‍ ബഹ്‌റൈനില്‍ ഒന്നുമാത്രമാണുള്ളത്. ഇവിടെ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള കര്‍ശനമായ മാനദണ്ഡങ്ങളാണു പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രദേശങ്ങള്‍ വന്‍ തോതില്‍ പുക അന്തരീക്ഷത്തില്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായി ചെയര്‍മാന്‍ പറയുന്നു. ഈ മേഖലയിലെ താമസക്കാരുടെ വീടുകളിലേക്ക് ദുര്‍ഗന്ധം പ്രസരിക്കുന്നതായി പരാതി ഉയരാന്‍ കാരണം ഇതാണ്. കമ്പനിയിലെ ജോലിക്കാരെല്ലാം സുരക്ഷിതമായ മുഖാവരണം ധരിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകരായ തങ്ങളും ഇത്തരത്തിലുള്ള മാസ്‌ക് ധരിച്ചാണ് അകത്തുകയറിയത്. എന്നാല്‍ ഈ മേഖലയിലെ ജനങ്ങളോട് മാസ്‌ക് ധരിക്കണം എന്നു പറയാന്‍ കഴിയില്ല. അതിനാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണു ചെയര്‍മാന്‍ ആവശ്യപ്പെടുന്നത്.

നാലുപതിറ്റാണ്ടായി പ്രവാസം; 17 വര്‍ഷമായി പൗരത്വത്തിനു ശ്രമം
മനാമ: നാലുപതിറ്റാണ്ടായി ബഹ്‌റൈനില്‍ കഴിയുന്ന പാക്കിസ്ഥാന്‍ സ്വദേശി കഴിഞ്ഞ 17 വര്‍ഷമായി പൗരത്വം ലഭിക്കാനുള്ള നെട്ടോട്ടത്തില്‍. 1977 മുതല്‍ ബഹ്‌റൈന്‍ പ്രവാസിയായ പാക് സ്വദേശി യൂനുസ് മാസിഹ് പൗരത്വത്തിനായി കാത്തിരിക്കുന്നത്. പത്തു കുട്ടികളുടെ പിതാവായ ഇദ്ദേഹം 2000ത്തിലാണ് പൗരത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. 17 വര്‍ഷമായുള്ള കാത്തിരിപ്പിന്റെ ഫലമായി തന്റെ കുടുംബം കടുത്ത ദുരിതത്തിലാണെന്ന് അദ്ദേഹം പറയുന്നു.

1977 മുതല്‍ താന്‍ ഈ രാജ്യത്തുണ്ട്. ഭാര്യയും പത്തു കുട്ടികളുമായി ഇവിടെ കഴിഞ്ഞു കൂടുകയാണ്. 17 വര്‍ഷമായി തന്റെ പൗരത്വാപേക്ഷ അധികൃതരുടെ കൈവശം കിടക്കുകയാണെന്ന് അദ്ദേഹം പ്രാദേശിക പത്രത്തോടു പറഞ്ഞു. തന്റെ ജീവിതം പൂര്‍ണമായി ഈ രാജ്യത്തു വിനിയോഗിച്ചു. പത്തു കുട്ടികളോടൊപ്പം ഏറ്റവും ശോച്യമായ അവസ്ഥയിലാണിപ്പോള്‍ കഴിയുന്നത്. തന്റെ കുട്ടികള്‍ക്ക് എന്തു സംഭവിക്കും എന്ന ആധിയാണിപ്പോഴുള്ളതെന്ന് അദ്ദേഹം പറയുന്നു.

പിതാവിനു വൃക്കരോഗമാണെന്നും അദ്ദേഹം വിരമിച്ച ശേഷം തങ്ങള്‍ക്കു പോകാന്‍ ഇടമില്ലെന്നും ഇദ്ദേഹത്തിന്റെ മകള്‍ മരിയ യൂനുസ് മാസിഹ് പറഞ്ഞു. മാതാവിന് ഹൃദ്രോഗമാണ്. ഉയര്‍ന്ന മെഡിക്കല്‍ ചെലവു താങ്ങാന്‍ കഴിയാതെ അവര്‍ മരുന്നുകള്‍ നിര്‍ത്തിയിരിക്കുകയാണെന്നും മകള്‍ പറയുന്നു. പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ടു നിരവധി തവണ അധികൃതരെ സമീപിച്ചെന്നും അപ്പോഴെല്ലാം അറിയിക്കാമെന്ന മറുപടിയാണു ലഭിച്ചതെന്നും അവര്‍ പറയുന്നു.

തങ്ങള്‍ക്ക് ഉടനെയൊരു മറുപടി നല്‍കണമെന്ന് അപേക്ഷിക്കുകയാണെന്നും തങ്ങളുടെ രക്ഷിതാക്കള്‍ക്കു പ്രായവും രോഗവും അധികരിക്കുകയാണെന്നും അവര്‍ ഇനിയും കാത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഈ അവസ്ഥയില്‍ കുടുംബം ആകെ ആശങ്കയില്‍ കഴിയുകയാണെന്നും മകള്‍ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook