റിയാദ്: പനിനീർ പൂവിന്റെ ഉത്പന്നങ്ങളുടെയും വിവിധയിനം തേനുകളുടെയും പ്രദർശനം റിയാദിൽ പുരോഗമിക്കുന്നു. സുലൈക്ക് സമീപം ഹയ്യുൽ ജസീറയിലെ മുനിസിപ്പൽ പാർക്കിലാണ് 10 ദിവസം നീളുന്ന ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. തേനുപയോഗിച്ചു നിർമ്മിക്കുന്ന വിവിധയിനം ഉത്പന്നങ്ങൾ, പനിനീർപൂ ഉപയോഗിച്ചു നിർമിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

റിയാദ് ഗവർണറേറ്റിന്റെയും സെക്രട്ടറിയേറ്റിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധതരം പനിനീർ പുഷ്പങ്ങളും തേനിന്റെ രുചിവൈവിധ്യങ്ങളും ഉത്സവ നഗരിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. തേനിന്റെയും തേനുൽപങ്ങളുടെയും പുഷ്പങ്ങളുടെയും ലേലവും വിൽപനയും മേളയുടെ ഭാഗമാണ്. കർഷകർ നേരിട്ടാണ് ലേലം നടത്തുക. പ്രദർശനം സന്ദർശിക്കാനെത്തുന്നവർക്ക് പനിനീർ പുഷ്പ, തേൻ വ്യവസായങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനും കാർഷിക മേഖലകളിലേക്ക് ആളുകളെ ആകർഷിക്കാനും സഹായിക്കുന്ന വിവിധ പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്.

പനിനീർ പുഷ്പങ്ങളുടെ ഉദ്യാനങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികളും, ഭക്ഷണ സ്റ്റാളുകളും ഉത്സവനഗരിയിലുണ്ട്. കുട്ടികൾക്കായി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച മത്സരങ്ങളും വിജയികൾക്ക് ദിനേന സമ്മാനങ്ങളും നൽകുന്നുണ്ട്. പനിനീർ, തേൻ കാർഷികരംഗത്ത് പ്രവർത്തിക്കുന്ന കർഷകരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, അവരുടെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ സന്ദർശകർ കുറവാണെങ്കിലും വാരാന്ത്യങ്ങളിൽ നഗരി സജീവമാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ