മനാമ: വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ രണ്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 11, 12 തീയതികളില്‍ ഡിപ്ളോമാറ്റ് റാഡിസണ്‍ ഹോട്ടലിലാണ് ശില്‍പ്പശാല. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ കര്‍ത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഇത്തരമൊരു ശില്‍പ്പശാല ബഹ്റൈനില്‍ ഇതാദ്യമായാണെന്ന് ആതിഥേയരായ ബഹ്റൈന്‍ ട്രേഡ് യൂണിയനുകളുടെ ജനറല്‍ ഫെഡറേഷന് അന്താരാഷ്ട്ര സമ്പര്ക്കങ്ങള്ക്കായുള്ള അസി. സെക്രട്ടറി കരീം റാഥി അറിയിച്ചു.
ഇന്റര്‍നാഷണല്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ഫെഡറേഷന്റേയും നോര്‍വീജിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്സിന്റേയും സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. വീട്ടുവേലക്കാര്‍ നേരിടുന്ന വെല്ലുവിളികളും അവരുടെ അവകാശങ്ങളും ശില്‍പ്പശാലയില്‍ വിഷയമാകുമെന്ന് കരിം റാഥി വെളിപ്പെടുത്തി. കൂടാതെ ഈ രംഗത്ത് റിക്രൂട്ടിങ് ഏജന്‍സികളുടെ ചൂഷണം എങ്ങിനെ പരിഹരിക്കാമെന്നതും ചര്‍ച്ചാവിഷയമാക്കും. പലപ്പോഴും വീട്ടുവേലക്കാര്ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും അവധി ലഭിക്കുന്നില്ലെന്നും ജോലിസമയം കൂടുതലാണെന്നുമുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്.
ഇതിന് ഒരു കൃത്യത വരുത്തുന്നതു സംബന്ധിച്ചും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യുമെന്നും കരീം റാഥി പറഞ്ഞു. ബഹ്റൈനില്‍ 90,000 വീട്ടുവേലക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അതേസമയം, ബഹ്റൈനില്‍ ജോലിക്കെത്തുന്ന വീട്ടുവേലക്കാര്‍ വിവിധ തലത്തിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നതെന്നും എന്നാല്‍ ഈയിടെയായി പരാതികള്‍ കുറവാണെന്നും സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. ശമ്പളമില്ലാതെയും ശമ്പളം കൃത്യമായി ലഭിക്കാതെയും ശോച്യാവസ്ഥയിലുള്ള താമസവും മൂലം അവശതയനുഭവിക്കുന്നവര്‍ പലേടത്തുമുണ്ട്. റിക്രൂട്ടിങ് ഏജന്റുമാരുടെ പീഡനം വേറെയും. തൊഴില്‍ കരാറിലെ വ്യവസ്ഥകളും പലരും പല രീതിയിലാണ് എഴുതിച്ചേര്‍ക്കുന്നത്. കരാര്‍ പലപ്പോഴും അറബി ഭാഷയിലായതിനാല്‍ കരാറില്‍ എന്താണെഴുതിയിരിക്കുന്നതെന്ന് ഇവര്‍ക്ക് മനസിലാകുന്നുമില്ല.
വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളില്‍ സര്‍ക്കാര്‍ നിരീക്ഷണം അത്യാവശ്യമാണെന്ന് വിവിധ സാമൂഹ്യപ്രവര്‍ത്തകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ കരാര്‍ പോലുമില്ലാതെയാണ് പല സ്ഥാപനങ്ങളും റിക്രൂട്മെന്റ് നടത്തുന്നത്. ഏജന്‍സികള്‍ വീട്ടുവേലക്കാര്ക്കു കൊടുക്കുന്ന കരാറിലെ പല കാര്യങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. വേലക്കാരുടെ ജോലി സമയം അണ് ലിമിറ്റഡ് എന്നാണ് പല തൊഴില്‍കരാറുകളിലും കാണാറുള്ളത്. ഇത്തരത്തിലുള്ള പല കാര്യങ്ങളും ഒപ്പിടുന്നവര്‍ അറിയുന്നില്ല. ഭാഷാപരിജ്ഞാനമില്ലാത്തവരാകും വേലക്കാരിലേറെയും.
പല സ്ഥാപനങ്ങളും ചെയ്യുന്നത് ഏതെങ്കിലും ഉള് ഗ്രാമങ്ങളില്‍ പോയി നിര്‍ധന കുടുംബങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യുകയാണ്. ഒപ്പിടാന്‍ പറയുന്നിടത്ത് ഒപ്പിടുകയല്ലാതെ മറ്റൊന്നും ഇവരാലോചിക്കുന്നില്ല. ചില തൊഴിലുടമകള്‍ വീട്ടുവേലക്കാരുടെ റെസിഡന്‍സ് പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യാന്‍ പോലും തയാറാകാതെയാണ് ജോലിയെടുപ്പിക്കുന്നത്. ബഹ്റൈനില്‍ എണ്‍പതോളം റിക്രൂട്ടിങ് ഏജന്‍സികളാണുള്ളത്. ഇതില്‍ പല ഏജന്‍സികളും നേരായ വഴിക്കല്ല റിക്രൂട്മെന്റ് നടത്തുന്നതെന്നതും നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. തൊഴിലെടുക്കുന്നതിന്റെ ദൈര്‍ഘ്യം കുറയുമ്പോള്‍ തൊഴില്‍പ്രശ്നങ്ങളും കുറയുമെന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
അഞ്ചു വര്‍ഷം മുമ്പു നടന്ന ഒരു സര്‍വേയനുസരിച്ച് ബഹ്റൈനിലെ വീട്ടുവേലക്കാരിലേറെയും ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഗള്‍ഫ് രാജ്യങ്ങളിലാകെ ഒന്നര ദശലക്ഷം വീട്ടുവേലക്കാരുള്ളതില് വലിയൊരു ഭാഗം സൗദിയിലും യുഎഇയിലുമാണ് ജോലി ചെയ്യുന്നത്.
നായകള്‍ വെടിയേറ്റുചാവുന്നു; ജാഗ്രത ആവശ്യപ്പെട്ടു മൃഗ സ്നേഹികള്‍
മനാമ: ബഹ്റൈനില്‍ വെടിയേറ്റു നായകള്‍ ചാവുന്ന സംഭവത്തില്‍ പ്രതിഷേധവുമായി മൃഗ സ്നേഹികള്‍ രംഗത്ത്. മൃഗ സംരക്ഷണ, പുനരധിവാസ കേന്ദ്രം നടത്തുന്ന മൃഗ സ്നേഹിയായ ടോണി വാട്ടേഴ്സ് ആണ് രണ്ടു നായകള്‍ വെടിയേറ്റു ചത്തു കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യയില്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചത്. ഇത്തരത്തില്‍ മൃഗങ്ങള്‍ക്കു നേരെ നടക്കുന്ന ക്രൂരത ആദ്യത്തെ അനുഭവമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ വര്‍ഷം ആദ്യം വെടിയേറ്റ് പരുക്കുകളോടെ ഒരു നായയെ കണ്ടെത്തിയിരുന്നതായും ഇതിനെ മൃഗാശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ക്രാപ്പ് യാഡിനു സമീപം നായകള്‍ വെടിയേറ്റു ചത്തു കിടക്കുന്ന ദൃശ്യങ്ങള്‍ ചിലര്‍ തനിക്ക് അയച്ചു തരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരുവു നായകളെ വെടിവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇതിനെതിരെ അധികൃതര്‍ക്കു പരാതി നല്കാന് ആലോചിക്കുന്നില്ലെന്നും എന്നാല്‍ മൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തീര്‍ച്ചയായും പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ അലഞ്ഞു തിരിയുന്ന നൂറോളം മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗസ്നേഹിയാണ് ഇദ്ദേഹം. കഴിഞ്ഞ കുറേ മാസങ്ങളായി ഇദ്ദേഹം കരള്‍ കാന്‍സര്‍ ബാധിച്ചു ചികില്‍സയിലാണ്. ബഹ്റൈനില്‍ ഏതാണ്ട് 18,000ത്തോളം തെരുവു പട്ടികള്‍ ഉണ്ടെന്നാണു സൊസൈറ്റി കരുതുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മൃഗ സംരക്ഷണ പ്രവര്ത്തകന് ആന്‍ തോംസണ്‍ ഹാല് പറയുന്നു. മൃഗങ്ങള്‍ക്കെതിരായി അക്രമണങ്ങള്‍ പതിവായ ഒരു സമൂഹത്തില്‍ മനുഷ്യരും സുരക്ഷിതമല്ല എന്നു മനസ്സിലാക്കണം. പുതിയ തലമുറയില്‍ ക്രൂരത കുടിയേറുന്നതിന്റെ ലക്ഷണമായാണു ജീവികള്‍ക്കെതിരായ ഇത്തരം ക്രൂരതകള്‍ കാണേണ്ടത്. ഇത്തരം ക്രൂരതകള്‍ക്കെതിരായ ബോധവല്‍ക്കരണവും സമൂഹത്തില്‍ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശതകോടികളുടെ വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് ഈ വര്‍ഷം അവസാനം തുടക്കം കുറിക്കും
മനാമ: ബഹ്റൈനില്‍ ശതകോടികളുടെ വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് ഈ വര്‍ഷാവസാനം തുടക്കമാകും. ഹോളി വുഡിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോവിന്റെ രണ്ടാമതു ശാഖ ബഹ്റൈനില്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. ബഹ്റൈന്‍ ഉള്ക്കടള് ഉള്‍ക്കൊള്ളുന്ന ദക്ഷിണ തീരങ്ങളിലാണു പദ്ധതി ആരംഭിക്കുന്നത്.
ദുബായിലാണ് ആദ്യത്തേതു പ്രവര്‍ത്തിക്കുന്നത്. ജാവോ, അസ്കര്‍, അല്‍ ദര് എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഭൂമിയിലാണു പദ്ധതി നടപ്പാക്കുന്നത്. അമേരിക്കന്‍ കമ്പനിയുമായി ദക്ഷിണ മുനിസിപ്പല്‍ കൗണ്‍സില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഖത്തറുമായുള്ള ബഹ്റൈന്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത് പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് ഒരു തരത്തിലുമുള്ള തടസ്സവും സൃഷ്ടിക്കില്ലെന്നു കൗണ്‍സില്‍ ചെയര്മാന് അഹ്മദ് അല്‍ അന്‍സാരി പറഞ്ഞു. ബഹ്റൈന്‍ ഖത്തര്‍ പാലം പദ്ധതി ഉപേക്ഷിച്ചത് ഈ പ്രൊജക്ടിനെ ബാധിക്കില്ല. ഇരു രാഷ്ടങ്ങളുടേയും സംഗമ സ്ഥാനം എന്ന നിലയിലല്ല നിക്ഷേപ പദ്ധതിയെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ പിന്തുണയില്ലാതെ തന്നെ ജിസിസി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ബഹ്റൈന്‍ വിനോദ സഞ്ചാര മേഖല വികസിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത പരമല്ലാത്ത വിനോദ സഞ്ചാരങ്ങള്‍ക്ക് സൗദികളും കുവൈത്തികളും തിരഞ്ഞെടുക്കുന്നതു കിങ് ഫഹദ് കോസ് വേ വഴി ബഹ്റൈനിലേക്കുള്ള യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍-ബഹ്റൈന്‍ പാലം പദ്ധതി നിലച്ചതോടെ ഇത്തരത്തിലുള്ള വിവിധ വികസന പദ്ധതികള്‍ മുടങ്ങുമെന്നായിരുന്നു പലരും കരുതിയതെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികള്‍ക്കുള്ള അനുമതി നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
റിസോര്‍ട്ടുകളും ഹോട്ടലുകളും ഉള്‍ക്കൊള്ളുന്ന ശതകോടികളുടെ പ്രവൃത്തികള്‍ക്കാണ് ഈ വര്‍ഷം അവസാനത്തോടെ തുടക്കം കുറിക്കുക. വിവിധ പദ്ധതികള്‍ക്കുള്ള അനുമതി കൂടി മുനിസിപ്പാലിറ്റി നല്‍കുന്നതോടെ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും.
എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ അനുസരിച്ച് വിദേശികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം ദുബായ് ആയിരുന്നു. എന്നാല്‍ 2017 ലെ കണക്കുകള്‍ പ്രകാരം ബഹ്റൈന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതു ബഹ്റൈനില്‍ വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്ന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.