ജിദ്ദ: മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയതും, വേഗം കൂടിയതുമായ ഉപരിതല ഗതാഗത പദ്ധതിയായ ഹറമൈൻ റെയിൽവേയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ 2018 ജൂലൈ മാസം മുതൽ ആരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി ഡോ.നബീൽ അൽ അമൂദി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന മക്ക ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് ആറു കോടി യാത്രക്കാർക്ക് പ്രതിവർഷം സേവനം നൽകാൻ ശേഷിയുള്ള മക്ക – ജിദ്ദ – മദീന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽവേയുടെ ഉദ്ഘാടനത്തെക്കുറിച്ച് ഗതാഗത മന്ത്രി സൂചന നൽകിയത്.

ഹജ്ജിനും, ഉംറക്കും എത്തുന്ന തീർത്ഥാടകരുടെ, പുണ്യ നഗരികളായ മക്ക, മദീന യാത്രകൾ സുഖമമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഹറമൈൻ റെയിൽവേയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവ്വീസ് ആരംഭിച്ചിട്ട് ആഴ്ചകളായി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെയും, പാളങ്ങളുടെയും, അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഈ പരീക്ഷണ സർവീസുകളുടെ ഉദ്ദേശം.

ഹറമൈൻ റെയിൽവേയിൽ മക്കയിൽ നിന്നും മദീനയിലേക്ക് 90 മിനിറ്റ് കൊണ്ട് എത്താൻ കഴിയും. 450 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയിൽ ജിദ്ദ രാജ്യാന്തര വിമാനത്താവളം, ജിദ്ദ നഗരത്തിലെ സുലൈമാനിയ, സാജിറിലെ കിങ് അബ്ദുള്ള എക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് മക്കയ്ക്കും, മദീനക്കും പുറമെ റെയിൽവേ സ്റ്റേഷനുകൾ ഉള്ളത്.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ