ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനുള്ള ദിനങ്ങൾ അടുത്ത് വരുന്നതിനനുസരിച്ച് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളായ ന്യു ശുമൈസി, തൻഈം, അൽകർ, കാക്കിയ, ഓൾഡ് ശുമൈസി, സബൂഹ, അൽ ബുഹൈത എന്നീ ചെക്ക് പോസ്റ്റുകളിലും, ത്വായിഫിലെ വിവിധ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി.

മക്കയിൽ ജോലി ചെയ്യുന്നതിനുള്ള താമസ രേഖ കൈവശമുള്ളവരെയും, ഹജ്ജിനായുള്ള അനുമതി പത്രമുള്ളവരെയും മാത്രമേ ഈ ചെക്ക് പോസ്റ്റുകളിലൂടെ ഇപ്പോൾ മക്കയിലേക്ക് കടത്തി വിടുന്നുള്ളൂ.

ജൂലൈ 19 മുതൽ കഴിഞ്ഞ ദിവസം വരെ ഏകദേശം 90,000 പേരെ അതിർത്തിയിൽ നിന്നും മതിയായ രേഖകൾ ഇല്ലാത്ത കാരണം മടക്കി വിട്ടതായി മക്കാ ഗവൺറേറ്റിൽ നിന്നും അറിയിച്ചു. മക്കയിൽ കടക്കുന്നതിന് പ്രത്യേക അനുമതി പത്രമില്ലാത്തതിന്റെ പേരിൽ 35,000 ത്തോളം വാഹനങ്ങളെയും ചെക്ക് പോസ്റ്റുകളിൽ നിന്നും തിരിച്ചയച്ചിട്ടുണ്ട്.

അതെ സമയം ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി നീക്കി വെച്ച ഹജ്ജ് ക്വട്ടയിൽ 70 ശതമാനവും രജിസ്‌ട്രേഷൻ പൂർത്തിയായതായി സൗദി ഹജ്ജ്/ഉംറ മന്ത്രാലയം അറിയിച്ചു. ഇ-ട്രാക്ക് വഴി ഇപ്പോഴും രജിസ്‌ട്രേഷൻ തുടരുകയാണ്. ഈ വർഷം 2,16,000 സീറ്റുകളാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഇ – ട്രാക്കിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ ഇനി അവശേഷിക്കുന്നത് 83, 000 ത്തോളം സീറ്റുകളാണ്.

വാർത്ത: നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook