മനാമ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും വന്‍ മയക്കുവരുന്നുവേട്ട. രണ്ടു റെയ്ഡുകളിലായി 400 കിലോ ഹെറോയിന്‍ ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന (സിടിഎഫ്) പിടികൂടി. ഏപ്രില്‍ 28നും മെയ് മൂന്നിനും രണ്ടു റെയ്ഡുകളിലായി 200 കിലോ വീതം മയക്കുമരുന്ന് ഫ്രഞ്ച് നാവിക സേനാ ഫ്രിഗേറ്റായ സര്‍കൗഫ് ആണ് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 155 ദശലക്ഷം ഡോളര്‍ ഇതിനു വില വരും.

കള്ളക്കടത്തുകാര്‍ ഉപയോഗിച്ച രണ്ട് മത്സ്യബന്ധന നൗകകൾ തടയുകയും മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു. റോയല്‍ ന്യൂസിലാന്‍ഡ് വ്യോമസേനയുടെ സര്‍വലന്‍സ് എയര്‍ക്രാഫ്റ്റായ പി3കെടു ഒറിയോണ്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ബോട്ടുകളും പരിശോധിച്ചത്. ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമായിരുന്നു ഈ ബോട്ടുകള്‍ മയക്കുമരുന്നുമായി പോയിരുന്നതെന്ന് സിടിഎഫ് അറിയിച്ചു. ബഹ്‌റൈന്‍ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൗത്യസംഘമാണ് സിടിഎഫ് 150.

കടല്‍ സുരക്ഷയും ഭീകരവിരുദ്ധ നടപടികളും മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന-150 (സിടിഎഫ്150)യുടെ പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. ചെങ്കടല്‍, ഏദന്‍ കടലിടുക്ക്, ഇന്ത്യന്‍ മഹാസമുദ്രം, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവടങ്ങിലാണ് സിടിഎഫ് പരിശോധന നടക്കുന്നത്.

സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലാണ് സിടിഎഫ് പ്രവര്‍ത്തിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മയക്കുമരുന്നു വില്‍പ്പന വഴി ഫണ്ട് കണ്ടെത്തുന്നതിനു തടയിടാന്‍ സംയുക്ത സമുദ്ര സേന(സിഎംഎഫ്) യുടെ പ്രവര്‍ത്തനം വഴി കഴിയുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിജയകരമായ സമുദ്ര ഭീകര വിരുദ്ധ സംവിധാനമാണ് സിഎംഎഫ്. ബഹ്‌റൈന്‍ ആസ്ഥാനമായ സിഎംഎഫില്‍ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഇതിനു കീഴില്‍ മൂന്നു കമ്പ്‌യന്റ് ടാസ്‌ക് ഫോഴ്‌സും (സിടിഎഫ്) പ്രവര്‍ത്തിക്കുന്നു. സമുദ്രമേഖലയിലെ ഭീകര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സിടിഎഫ് 150 രൂപീകരിച്ചത്. ഇതുവരെ ഇവര്‍ ലക്ഷകണക്കിന് ഡോളിന്റെ മയക്കുമരുന്നു പിടികൂടി നശിപ്പിക്കുകയും ആയിരകണക്കിന് ആയുധങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. മൂന്നാഴ്ച മന്‍പാണ് സിടിഎഫ് 150 സമുദ്ര സുരക്ഷയില്‍ എഫ്എസ് സര്‍കൗഫ് പങ്കാളിയാകുന്നത്.

അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവടങ്ങളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സിടിഎഫ് 150യുടെ പ്രവര്‍ത്തന പരിധി. 21 രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന 3.2 ദശലക്ഷം സ്‌ക്വയര്‍ മൈല്‍ സമുദ്ര മേഖലയാണ് സിഎംഎഫിന്റെ പ്രവര്‍ത്തന പരിതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ