മനാമ: വടക്കു പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 250 കിലോ ഹെറോയിന്‍ സംയുക്ത ദൗത്യ സേന (സിടിഎഫ് 150) പിടികൂടി. ബഹ്‌റൈന്‍ ആസ്ഥാാനമായി പ്രവര്‍ത്തിക്കുന്ന സിടിഎഫ് 150യിലെ അംഗമായ ഓസ്‌ട്രേലിയന്‍ യുദ്ധ കപ്പല്‍ എച്ച്എംഎഎസ് അരുന്ധയാണ് പിടികൂടിയത്. റോയല്‍ ന്യൂസിലാന്‍ഡ് വ്യോമസേനയുടെ പി3കെടു ഒറിയോണ്‍ എയര്‍ ക്രാഫറ്റിന്റെ സഹായത്തോടെയായിരുന്നു മയക്കുമരുന്നു വേട്ട.

രണ്ടു മാസത്തിനിടെ അരുന്ധയുടെ രണ്ടാമത്തെ മയക്കുമരുന്നു വേട്ടയാണിത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു 800 കിലോ ഹഷീഷ് അരുന്ധ പിടികൂടിയിരുന്നു. സമുദ്ര സുരക്ഷ ഉറപ്പുവരുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയയുടെ സംഭാവനയായ ഓപ്പറേഷന്‍ മനിതൗവിന്റെ ഭാഗമായാണ് അരുന്ധ സിടിഎഫില്‍ അംഗമായത്. ഓസ്‌ട്രേലിയയുടെ പ്രധാന യുദ്ധ കപ്പലാണിത്.

സമീപകാലത്തായി വന്‍ മയക്കുമരുന്നു വേട്ടയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്നത്. മാര്‍ച്ച് 3, മാര്‍ച്ച് 13, ഏപ്രില്‍ 28, മെയ് 3 എന്നീ തീയതികളില്‍ എല്ലാം ബോട്ടില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് വന്‍തോതില്‍ പിടികൂടിയിരുന്നു. രണ്ടു റെയ്ഡുകളിലായി കഴിഞ്ഞ ഏപ്രില്‍ 28നും മെയ് മൂന്നിനും കടല്‍ വഴി കടത്തുകയായിരുന്ന 400 കിലോ ഹെറോയിനാണ് ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 155 ദശലക്ഷം ഡോളര്‍ വില വരും. മയക്കുമരുന്ന് ഫ്രഞ്ച് നാവിക സേനയുടെ സര്‍കൗഫ് ആണ് പിടികൂടിയത്. മാര്‍ച്ച് 13ന് അറബിക്കടലില്‍ ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 270 കിലോ ഹെറോയിന്‍ അമേരിക്കന്‍ യുദ്ധക കപ്പലായ യുഎസ്എസ് ലബൂണ്‍ പിടികൂടിയിരുന്നു.

bahrain

ബോട്ടില്‍നിന്നും സൈനികര്‍ മയക്കു മരുന്ന് കണ്ടെടുക്കുന്നു

ലോകത്തിലെ ഏറ്റവും വിജയകരമായ സമുദ്ര ഭീകര വിരുദ്ധ സംവിധാനമാണ് സിഎംഎഫ്. ബഹ്‌റൈന്‍ ആസ്ഥാനമായ സിഎംഎഫില്‍ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഇതിനു കീഴില്‍ മൂന്നു കമ്പ്‌യന്റ് ടാസ്‌ക് ഫോഴ്‌സും (സിടിഎഫ്) പ്രവര്‍ത്തിക്കുന്നു. സമുദ്രമേഖലയിലെ ഭീകര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സിടിഎഫ് 150 രൂപീകരിച്ചത്. ഇതുവരെ ലക്ഷക്കണക്കിന് ഡോളറിന്റെ മയക്കുമരുന്നു പിടികൂടി നശിപ്പിക്കുകയും ആയിരക്കണക്കിന് ആയുധങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. കടല്‍ സുരക്ഷയും ഭീകരവിരുദ്ധ നടപടികളും മുന്‍ നിര്‍ത്തിയാണ് സേനയുടെ പ്രവര്‍ത്തനം.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മയക്കുമരുന്നു വില്‍പ്പന വഴി ഫണ്ട് കണ്ടെത്തുന്നതിനു തടയിടാന്‍ സംയുക്ത സമുദ്ര സേന(സിഎംഎഫ്) യുടെ പ്രവര്‍ത്തനം വഴി കഴിയുന്നുണ്ട്. അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവടങ്ങളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സിടിഎഫ് 150യുടെ പ്രവര്‍ത്തന പരിധി. 21 രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്നുണ്ട് ഈ പരിധിയില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ