റിയാദ് : തീർത്ഥാടകർക്ക് സേവനവും സുരക്ഷയും നൽകാൻ അത്യാധുനിക ഹെലികോപ്റ്ററുകൾ ഹറം മസ്ജിദിനും പരിസരത്തും പറന്നു തുടങ്ങി.
റമദാൻ അവസാന പത്തിന്റെ പുണ്യം തേടി മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ കനത്ത സുരക്ഷയാണ് സൗദി ഗവൺമെന്റ് ഒരുക്കിയിട്ടുള്ളത്. സൗദി വ്യോമയാന വകുപ്പിന് കിഴിൽ മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരത്തുമായി പത്തോളം ഹെലികോപ്റ്ററുകളാണ് സുരക്ഷാ ചിറകുകൾ വിരിച്ച് പറക്കുന്നത്.
അത്യാധുനിക സംവിധാനത്തോടെയുള്ള ഹെലികോപ്റ്ററുകൾ ഹറം മസ്ജിദ് പരിസരം, ഹറാമിലേക്ക് എത്തിചേരുന്ന വഴികൾ, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകൾ ഉൾപ്പടെ എല്ലാ നിരത്തുകളിലും ഹെലികോപ്ടറിന്റെ സുരക്ഷ പരിശോധനയുണ്ടാകും.
ആധുനിക ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജിയും പ്രാഥമിക വൈദ്യസഹായം നൽകുന്നതിനുളള സൗകര്യങ്ങളോടും കൂടിയാണ് ഹെലികോപ്‌ടറുകൾ പറക്കുന്നത്. അടിയന്തിര വൈദ്യസഹായം ആവശ്യം വന്നാൽ രോഗികളുമായി പറന്നെത്തുന്ന ഹെലികോപ്ടറുകളെ സ്വീകരിക്കാൻ ഹോസ്പിറ്റലുകളിൽ ഹെലിപാഡുകളും പ്രവർത്തനസജ്ജമായിട്ടുണ്ട്. വ്യോമയാന സുരക്ഷക്ക് പുറമെ റമദാനിൽ മക്കയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും ഹറമിലെത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും വിവിധ സുരക്ഷാ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തനങ്ങൾ സുസജ്ജമാണ്.
മക്കയിൽ ട്രാഫിക് വിഭാഗത്തിൽ നിന്ന് മാത്രം നിരവധി ഉദ്യോഗസ്ഥർ സേവനരംഗത്തുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ രഹസ്യ പോലീസ് സംഘങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട് . ഹറം പരിസരത്ത് തിരക്ക് കുറയ്ക്കാൻ ഗതാഗത നിയന്ത്രണമുണ്ടാകും. സമാധാനപൂർണ്ണവും ഭക്തിനിർഭരവുമായ അന്തരീക്ഷത്തിൽ ഉംറ നിർവഹിക്കാനും സന്ദർശനം നടത്താനും എല്ലാ ഒരുക്കങ്ങളും സൗദി ഗവൺമെന്റ് പൂർത്തിയാക്കിയിട്ടുണ്ട്.
വാർത്ത : നൗഫൽ പാലക്കാടൻ