അബുദാബി: യു എ ഇയില്‍ അഞ്ചു ദിവസം കനത്ത മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ നേരിടാന്‍ കര്‍മപദ്ധതി തയാറാക്കി അധികൃതര്‍. നാളെ മുതല്‍ 18 വരെ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്ര (എന്‍ സി എം)ത്തിന്റെ പ്രവചനം.
പ്രതികൂല സാഹചര്യം നേരിടുന്നതിനു കര്‍മപദ്ധതി വികസിപ്പിക്കാന്‍ അധികൃതര്‍ യോഗം ചേര്‍ന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം, പൊലീസ് മേധാവികള്‍, ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
അടുത്ത അഞ്ച് ദിവസം യു എ ഇയിലുടനീളം മഴ ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് പൊടി, മണല്‍ കൊടുങ്കാറ്റുകള്‍ക്ക് കാരണമാകുമെന്നും എന്‍ സി എം മുന്നറിയിപ്പില്‍ പറയുന്നു.
കടലിനു സമീപവും ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോകരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വേലിയേറ്റവും കടല്‍ക്ഷോഭവുമുള്ള സമയങ്ങളില്‍ ആളുകള്‍ ബീച്ചില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
14 മുതല്‍ 18 വരെ എമിറേറ്റില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വേഗത സംബന്ധിച്ച മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ മാസം കിഴക്കന്‍ യു എ ഇയില്‍ അപ്രതീക്ഷമായ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ രാജ്യത്തുടനീളം ജാഗ്രതയിലാണ് അധികൃതര്‍ ജാഗ്രതയിലാണ്. കഴിഞ്ഞമാസം വടക്കന്‍, കിഴക്കന്‍ തീരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായ പേമാരിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഴ് ഏഷ്യക്കാര്‍ മരിച്ചിരുന്നു.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ എണ്ണൂറിലധികം പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളുടെ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെത്തുടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.