ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുഃസ്സഹമാക്കി. മൂടല്‍മഞ്ഞ് കൂടിവരുന്നതിനാല്‍ 100 മീറ്ററില്‍ താഴെ മാത്രമേ റോഡ് കാണാന്‍ സാധിക്കൂ. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സർവീസുകളും മൂടല്‍ മഞ്ഞു മൂലം തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

വടക്കു തെക്ക് മേഖലകളില്‍ ഇന്നലെ രാത്രിയോടെ തുടങ്ങിയ മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള വിവരം. യുഎഇയുടെ മറ്റു ഭാഗങ്ങളേയും മൂടല്‍മഞ്ഞ് നാളെയോടെ ബാധിച്ചു തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ മേഖലയെ അപേക്ഷിച്ച് പടിഞ്ഞാറന്‍ മേഖലകളില്‍ മൂടല്‍മഞ്ഞ് അധികം ബാധിച്ചിട്ടില്ല. ജനങ്ങളോട് യാത്ര ചെയ്യുമ്പോഴും വാഹനമോടിക്കുമ്പോഴും പ്രത്യേകം ശ്രദ്ധ ചെലുത്താനും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ മതിയായ അകലം പാലിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ മൂടല്‍ മഞ്ഞ് നിറഞ്ഞ റോഡുകളില്‍ ഹസാര്‍ഡ് ലൈറ്റ് ഒഴിവാക്കണമെന്നും ഓവര്‍ ടേക്കിങ് ഒഴിവാക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസ് നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച രാത്രിയോടെയും ബുധനാഴ്ച രാവിലേയുമായി മൂടല്‍മഞ്ഞ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook