റിയാദ്: സൗദി അറേബ്യയിൽ ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്കും വിദ്യാർഥികൾക്കും പ്രവൃത്തി സമയത്തിൽ മാറ്റം വരുന്നു. ജോലി സമയത്തിൽ മാറ്റം വരുത്തിയും യാത്രയിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കമ്പനികളും സ്കൂൾ മാനേജ്‌മെന്റും സർക്കുലർ പുറത്തിറക്കി. ക്ലാസ് റൂമിന് പുറത്ത് നടക്കുന്ന അസംബ്ലികൾ, മറ്റ് സ്പോർട്സ് ആക്ടിവിറ്റീസ് തുടങ്ങിയ പരിപാടികൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റിയാദിൽ ഉച്ച സമയത്ത് 45 -49 വരെ രേഖപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ചൂടിന്റെ തീവ്രത കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും മുൻ നിർത്തി സൗദിയിൽ ശനിയാഴ്ച മുതൽ ഉച്ച വിശ്രമം നൽകണമെന്ന് തൊഴിൽ സാമൂഹ്യ മന്ത്രാലയം ഉത്തരവിറക്കി. റിയാദ് നഗരത്തിലെ പ്രധാന സ്കൂളുകളെല്ലാം നാളെ മുതൽ 6.30 മുതൽ 11 മണി വരെയാക്കി സമയം ക്രമീകരിച്ചിട്ടുണ്ട്. മാർക്കറ്റിങ്, സെയിൽസ്മാൻ, കെട്ടിട നിർമാണം തുടങ്ങി പുറം ജോലി ചെയ്യുന്നവർക്ക് പ്രത്യേക ജോലി സമയം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഓഫീസിനകത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ച വിശ്രമം നിർബന്ധമില്ല.
മാംസാഹാരം പരമാവധി കുറച്ചു ഭക്ഷണ രീതിയിൽ മാറ്റം വരുത്താനും വെള്ളം കൂടുതൽ കുടിക്കാനും ആവശ്യപ്പെട്ട് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്ക് തുറസായ സ്ഥലങ്ങളിൽ സമയക്രമം പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ സാംസ്കാരിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.