റിയാദ്: ദിലീപിനെ തടവുകാരുടെ വേഷത്തിൽ കണ്ടപ്പോൾ താൻ പൊട്ടി കരഞ്ഞുവെന്ന് ഹരിശ്രീ അശോകൻ. എന്നെ കണ്ടപ്പോൾ അവനും വിതുമ്പി. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്. തെറ്റ് ചെയ്തെന്ന് കോടതി കണ്ടെത്തും മുമ്പ് മാധ്യമങ്ങളും ജനങ്ങളും അവനെ വിചാരണ ചെയ്യരുതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. റിയാദിൽ കെഎംസിസി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സര ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
റൺവേ സിനിമയിലാണ് ദിലീപിനെ ഞാൻ ആദ്യമായി ജയിൽപുളളിയുടെവേഷത്തിൽ കാണുന്നത്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെ കാണേണ്ടി വന്നത് എനിക്ക് സഹിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞു. എന്താടാ ദിലീപേ ഇത് എന്ന് ഞാൻ ചോദിച്ചു. എനിക്കൊന്നും അറിയില്ല അശോകേട്ടാ എന്നവൻ മറുപടി പറഞ്ഞു. നീ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നീ ദൈവത്തോട് പ്രാർഥിക്കുക. ഞാനും കുടുംബവും നിനക്കായി പ്രാർത്ഥിക്കും എന്നാശ്വസിപ്പിച്ചു. അനുവദിച്ച് കിട്ടിയ പതിനഞ്ച് മിനിറ്റ് കണ്ണുകൾ നിറച്ച് പരസ്പരം നോക്കി നിന്നു. ദിലീപിനെ ജയിലിൽ പോയി കാണുന്നതിന് തനിക്കാരെയും പേടിയില്ല. നിയമം ലംഘിച്ചല്ല, നിയമപരമായി കാണാനുള്ള അനുമതി തേടിയാണ് സന്ദർശനം നടത്തുന്നത്. പൊതു സമൂഹവും മറ്റുള്ളവരും എന്ത് കരുതും എന്നത് ഇക്കാര്യത്തിൽ പ്രശ്നമല്ല. അവസരം ഒത്തു വന്നാൽ ഇനിയും സന്ദർശനം നടത്തും.
പറശ്ശിനിക്കടവിൽ തൊഴാൻ പോയപ്പോൾ പ്രായം ചെന്ന അമ്മമാർ വന്ന് എന്നോട് ചോദിച്ചു, ഞങ്ങളുടെ ദിലീപ് എന്നാണ് പുറത്ത് വരിക. ദിലീപിനെ സ്നേഹിക്കുന്നവർ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നതിനുള്ള തെളിവല്ലേ ഇത് എന്നദ്ദേഹം ചോദിച്ചു. ദിലീപിന് വേണ്ടി കയ്യടിച്ചവർ തന്നെയാണ് ഇപ്പോൾ കൂവി വിളിക്കുന്നത്. അവർ ആരുടെയെങ്കിലും സൃഷ്ടിയാണോ എന്നറിയില്ല. ‘രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകൾ തകർക്കണമെന്ന ആഹ്വാനം ട്വീറ്റ് ചെയ്തവർ സിനിമയെ പ്രാത്സാഹിപ്പിക്കേണ്ട ഒരു ബോഡിയിലെ അംഗമാണല്ലോ എന്ന ചോദ്യത്തിന് “നല്ല സെലക്ഷൻ” എന്നായിരുന്നു മറുപടി. ദിലീപുമായി കഴിഞ്ഞ രണ്ട് വർഷമായി അടുത്ത ബന്ധം കുറവാണ്. നൂറു രൂപ കടം ചോദിച്ചിട്ട് കൊടുക്കാത്തവരും ഇന്ന് ദിലീപിന്റെ ശത്രുക്കളാണ്. മാധ്യമങ്ങൾക്ക് ഇതൊരു കച്ചവടമാണ്. അവർ പറയുന്നത് എല്ലാം ശരിയാണ് എന്ന് തോന്നുന്നില്ല. സിനിമകളിൽ നിന്ന് ദിലീപ് ആളുകളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്ന വാദത്തോട് യോചിപ്പില്ല. സിനിമ നല്ലതാണെങ്കിൽ ഓടും അക്കാര്യത്തിൽ സംശയമില്ല. രാമലീലയുടെ കാര്യത്തിലും അത് തന്നെയാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സിനിമയാണ് കലാമൂല്യമുളള സിനിമ എന്നാണ് ഞാൻ മനസ്സിലാകുന്നത്. ഒരു സിനിമ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആ സിനിമക്ക് കലാ മൂല്യം ഉണ്ട് എന്നതിൽ തർക്കമില്ല. നല്ല സിനിമയുണ്ടാകണമെങ്കിൽ മറ്റെല്ലാ ഘടകങ്ങളെ പോലെ നിർമാതാവും വേണം. നിർമാതാക്കളിൽ വലിയൊരു വിഭാഗവും പ്രവാസികളാണ്. ഇനി നിർമാതാവ് പൂർണമായി പ്രവാസി അല്ലെങ്കിൽ അവരുടെ വലിയ പങ്കുണ്ട്. അതുകൊണ്ട് ഈ പ്രതിസന്ധി വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാർത്ത: നൗഫൽ പാലക്കാടൻ