റിയാദ്: പ്രവാസം പ്രസിസന്ധികൾക്കിടയിലൂടെ നീങ്ങുമ്പോഴാണ് പ്രത്യാശയുടെ പുതിയ മേഖലക്ക് റിയാദിലെ കൊച്ചി കൂട്ടായ്മയിലെ അംഗങ്ങൾ തുടക്കം കുറിച്ചത്. വിജയകരമായി പ്രവർത്തിക്കുന്ന രണ്ടു ഹാർഡ് വെയർ യൂണിറ്റുകൾക്ക് പുറമെ പുതിയ രണ്ടു ഔട്ട്‌ലെറ്റുകൾക്ക് കൂടി ആരംഭിച്ചു. ഇത് വഴി പ്രവാസി പുനരധിവാസ സംരംഭ രംഗത്ത് മാതൃകയാവുകയാണ് കൊച്ചി സ്വദേശികളായ എൻ.എം.സൈനുദ്ദീൻ, അബ്ദുൽസലാം, ഷംസുദ്ദീൻ, ഖൗസ് എന്നിവർ.

ഹാർഡ്‌വെയർ വിൽപന, സേവനങ്ങൾ, ആവശ്യങ്ങൾ അനുസരിച്ചുള്ള നിർമാണം എന്നിവയാണ് സ്ഥാപനങ്ങളിൽ നടന്നു വരുന്നത്. നിരവധി പ്രമുഖ ഹാർഡ്‌വെയർ അനുബന്ധ സ്ഥാപനങ്ങൾ നില നിൽക്കുന്ന പ്രദേശത്ത് വിജയം കൈവരിക്കാനും ഉപഭോക്താക്കളുടെ അംഗീകാരം നേടാനും സാധിച്ചതിൽ സംരംഭകർ സംതൃപ്തി പ്രകടിപ്പിച്ചു. റിയാദിലെ കൊച്ചി സ്വദേശികളുടെ സംഘടനയായ ‘കൊച്ചി കൂട്ടായ്മ റിയാദ്, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോർക്ക’ (ഫെഡറേഷൻ ഓഫ് റീജിയണൽ കേരളൈറ്റ് അസ്സോസിയേഷൻസ്) എന്നീ വേദികളിലെ പ്രവർത്തന പരിചയവും പരിശീലനങ്ങളും ഈ സംരംഭങ്ങളുടെ തുടക്കത്തിന് പ്രചോദനമായി എന്ന് അവർ പറഞ്ഞു. റിയാദിൽ വ്യക്തിത്വ വികസനത്തിനോടും പുനരധിവാസത്തിനോടും ബന്ധപ്പെട്ട പല പരിപാടികളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതിൽ ഇവർ മുന്നിൽ നിന്നിട്ടുണ്ട്. തങ്ങൾ പ്രവർത്തിച്ച പ്രവാസി കൂട്ടായ്മകളോടുള്ള പ്രതിബദ്ധത പുലർത്തിക്കൊണ്ടു ഈ സ്ഥാപനങ്ങൾക്കും ‘കൊച്ചി കൂട്ടായ്മ’ എന്നും ‘ഫോർക ടൂൾസ് ആൻഡ് മെഷീനറീസ് ‘ എന്നും ആണ് ഇവർ നാമകരണം ചെയ്തത് എന്നത് ശ്രദ്ധേയമായി.

നാട്ടിൽ സംരഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങളും ബിസിനസ്സ് പ്ലാനിങ്ങും വിശദമായ പഠനത്തിന് വിധേയമാക്കി. സാങ്കേതിക രംഗത്ത് ആവശ്യമായ മാനവവിഭവശേഷി ആദ്യമേ ഉറപ്പു വരുത്തി. ഓരോരുത്തരും വിദേശത്ത് വിവിധ മേഖലകളിൽ നേടിയ പരിജ്ഞാനം ഏറെ ഉപകരിച്ചു. മാർക്കറ്റിൽ നിലവിലുള്ള പ്രമുഖ വ്യാപാരികളുമായി നല്ല ബന്ധം സൃഷ്ടിക്കാനും അവരുടെ മാർഗദർശനം നേടാനും സാധിച്ചത് വലിയ നേട്ടമായി. കൂടുതൽ ഡീലർഷിപ് അന്വേഷണങ്ങളും ഓർഡറുകളും വന്നതോടെ ആദ്യം ആരംഭിച്ച ‘കൊച്ചി കൂട്ടായ്മയുടെ ഔട്ട്‌ലെറ്റുകൾ മതിയാവാതായി. അങ്ങനെയാണ് പുതിയതായി ‘ഫോർക ടൂൾസ് ആൻഡ് മെഷീനറീസ് ‘ ആരംഭിച്ചത്.

പുതിയ ഷോപ്പിന്റെ ഉദ്ഘാടനം ഫോർക്കയുടെ മുൻ ചെയർമാൻ അമീർ മലപ്പുറം നിർവഹിച്ചു. വിദേശത്ത് ആയിരിക്കുമ്പോൾ രൂപപ്പെടുന്ന കൂട്ടായ്മകളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളും ഇത്തരം ഫലപ്രദമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് അങ്ങേയറ്റം സന്തോഷം നൽകുന്നുവെന്ന് ഉദ്‌ഘാടകൻ പറഞ്ഞു. ഫോർക ചെയർമാൻ നാസർ കാരന്തൂരിന്റെയും ജനറൽ കൺവീനർ സനൂപ് പയ്യന്നൂരിന്റെയും മറ്റു ഭാരവാഹികളുടെയും ആശംസകൾ സദസ്സിനെ അറിയിച്ചു. റിയാദിലെ കൊച്ചി കൂട്ടായ്മ പ്രവർത്തകരും, ഫോർക്ക പ്രതിനിധികളും, മുൻ പ്രവാസികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ