ജിദ്ദ: സൗദി ഭരണാധികാരി ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഹറമൈൻ റെയിൽവേയുടെ ടിക്കറ്റ് നിരക്കുകൾ സൗദി റെയിൽവേസ് ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹറമൈൻ റെയിൽ പദ്ധതി നടത്തിപ്പുകാരായ സ്പാനിഷ് കൺസോർഷ്യവുമായി എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്.
മക്കയിൽ നിന്ന് മദീനയിലേക്ക് ബിസിനസ്സ് ക്ലാസിൽ 250 റിയാലും, എക്കണോമി ക്ലാസിൽ 150 റിയാലുമായിരിക്കും ചാർജ്. മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 40 റിയാലും, റാബിഗിലേക്ക് 80 റിയാലും, ജിദ്ദയിൽ നിന്ന് റാബിഗിലേക്ക് 45 റിയാലും, മദീനയിലേക്ക് 125 റിയാലും, റാബിഗിൽ നിന്ന് മദീനയിലേക്ക് 100 റിയാലു മായിരിക്കും എക്കണോമി ക്ലാസിലെ നിരക്ക്. ബിസിനസ് ക്ലാസിൽ മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 50 റിയാൽ, റാബിഗിലേക്ക് 110 റിയാൽ മദീനയിലേക്ക് 250 റിയാൽ, ജിദ്ദയിൽ നിന്ന് റാബിഗിലേക്ക് 65 റിയാൽ, മദീനയിലേക്ക് 210 റിയാൽ, റാബിഗിൽ നിന്ന് മദീനയിലേക്ക് 150 റിയാൽ എന്നിവയായിരിക്കും നിരക്ക്.
തുടക്കത്തിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി രണ്ടു മാസക്കാലം പ്രമോഷൻ നിരക്കിൽ, ഇപ്പോൾ പ്രഖാപിച്ചത്തിന്റെ പകുതി വിലക്ക് ടിക്കറ്റുകൾ ലഭ്യമാവും.
ഒക്ടോബർ നാല് മുതലാണ് വാണിജ്യാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കുക. അന്ന് മുതൽ ഡിസംബർ അവസാനം വരെ വ്യാഴം മുതൽ ഞായർ വരെ നാല് ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമായി ഇരു ദിശകളിലേക്കുമായി എട്ട് സർവീസുകൾ മാത്രമേ നടത്തൂ. 2019 ജനുവരി മുതൽ മാത്രമേ എല്ലാ ദിവസങ്ങളിലുമുള്ള സർവ്വീസ് തുടങ്ങൂ. ജനുവരി മുതൽ സർവീസുകളുടെ എണ്ണം 12 തവണയായി ഉയർത്തുകയും ചെയ്യും. പ്രാരംഭ ഘട്ടത്തിൽ മക്ക, ജിദ്ദ സുലൈമാനിയ, റാബിഗ് കിങ് അബ്ദുള്ള എക്കണോമിക് സിറ്റി, മദീന സ്റ്റേഷനുകൾക്കിടയിലാണ് സർവ്വീസ് നടത്തുക. പുതിയ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധമായുള്ള റെയിൽവേ സ്റ്റേഷൻ പണി പൂർത്തിയാകുന്നതിനനുസരിച്ച് ഇവിടെയും സർവ്വീസ് ആരംഭിക്കും.
ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നതിനുള്ള സംവിധാനങ്ങളും, സ്മാർട്ട് ഫോണിലൂടെ ടിക്കറ്റെടുക്കാനുള്ള ആപ്പുകളും നിലവിൽ വരുമെന്നും. റെയിൽവേ സ്റ്റേഷനുകളിലെല്ലാം യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഹറമൈൻ റെയിൽ പദ്ധതിയുടെ ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് ഫിദാ അറിയിച്ചു.
വാർത്ത: നാസർ കാരകുന്ന്