ജിദ്ദ: വിശുദ്ധ നഗരങ്ങളായ മക്കയേയും, മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേയുടെ ഔപചാരിക ഉദ്ഘാടനം ജിദ്ദ സുലൈമാനിയയിലെ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ രാജാവിന്റെ ഉപദേഷ്ടാവും മക്ക പ്രവിശ്യയുടെ ഗവർണറുമായ ഖാലിദ് അൽ ഫൈസൽ, ജിദ്ദ ഗവർണർ മിഷ്അൽ ബിൻ മാജിദ്, മക്ക ഡെപ്യൂട്ടി ഗവർണർ അബ്ദുള്ള ബിൻ ബന്ദർ, സൗദി ഗതാഗത മന്ത്രി ഡോ. നബീൽ അൽ അമൂദി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
പരമാവധി 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഹറമൈൻ റെയിൽവേ യാഥാർഥ്യമാവുന്നതോട് കൂടി 450 കിലോമീറ്റർ ദൂരം വരുന്ന മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയുടെ ദൈർഘ്യം രണ്ട് മണിക്കൂറിൽ താഴെയായി കുറയും. ജിദ്ദ രാജ്യാന്തര വിമാനത്താവളം, ജിദ്ദ സുലൈമാനിയ, കിങ് അബ്ദുള്ള എക്കണോമിക് സിറ്റി സ്ഥിതി ചെയ്യുന്ന റാബിഗ് എന്നിങ്ങനെ മൂന്ന് സ്റ്റേഷനുകളാണ് മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ ഉള്ളത്.
ദിനേന ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം പേർ വീതം വർഷം തോറും ആറു കോടി ആളുകൾക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ഹറമൈൻ റെയിൽവേ സർവ്വീസ് നടത്തുക.
പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിച്ച മികച്ച എൻജിനീയർമാരെയും, മറ്റ് ജീവനക്കാരെയും ഉദ്‌ഘാടന ചടങ്ങിൽ ആദരിച്ച രാജാവ് തുടർന്ന് ജിദ്ദയിൽ നിന്ന് മദീന വരെ ട്രെയിനിൽ യാത്ര ചെയ്‌തു.
വാർത്ത: നാസർ കാരകുന്ന്