മനാമ: പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ആഹ്ലാദ ദിനം ഒരുക്കി. ഭിന്നശേഷിയുള്ളവര്‍ക്ക് തുല്യാവസരങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ചു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയാണ് മുഹറഖിലെ ഡ്രാഗണ്‍ സിറ്റിയില്‍ പരിപാടി സംഘടിപ്പിച്ചത്. ഐക്യ രാഷ്ട്ര സഭ റസിഡന്റ് കോ ഓർഡിനേറ്ററും ഐക്യ രാഷ്ട്ര സഭ വികസന പരിപാടി റസിഡന്റ് പ്രതിനിധിയുമായ അമിന്‍ എല്‍ ഷര്‍കാവിയുടെ പിന്തുണയോടെയായിരുന്നു ‘കിഡ്‌സ് ഫണ്‍ ഡേ ഔട്ട്’ സംഘടിപ്പിച്ചത്.

സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ കാഴ്ചപ്പാടില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ തുല്യാവകാശം ഉറപ്പുവരുത്തുക എന്നതു പ്രധാന ലക്ഷ്യമാണെന്നു ഷെയര്‍ക്കാവി പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ശാക്തീകരണത്തിനും അവരുടെ സന്തോഷത്തിനുമായി തയാറായി രംഗത്തിറങ്ങുന്ന രക്ഷിതാക്കളെ യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ സാമിര്‍ ഇംത്യാര്‍ അല്‍ദരാബി അഭിനന്ദിച്ചു. ഇത്തരത്തിലുള്ളവരുടെ പ്രോല്‍സാഹനത്തിനായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്വീകരിക്കുന്ന നടപടികളേയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

ആഗോള മനുഷ്യാവകാശ, വികസന അജണ്ട പ്രകാരം ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നതാണ് 2006 ഡിസംബറില്‍ തയാറാക്കിയ യുഎന്‍ ജറല്‍ അസംബ്ലി ഉടമ്പടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുനരുല്‍പ്പാദന ഊര്‍ജ പദ്ധതി; ബഹ്‌റൈന്‍ വൈകുന്നതായി റിപ്പോര്‍ട്ട്
മനാമ: പുനരുല്‍പ്പാദന ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈന്‍ കാലതാമസം വരുത്തുന്നതായി റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളില്‍ സൗദി അറേബ്യയും യുഎഇയും ഈ മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതായാണു വിവരം. സൗദിയും യുഎഇയും സ്വന്തം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മറ്റു രാഷ്ട്രങ്ങള്‍ മെല്ലെ പോക്കു നയമാണു സ്വീകരിക്കുന്നതെന്നു അറബ് പെട്രോളിയും ഇന്‍വസ്റ്റ്‌മെന്റ്‌സ് കോ ഓപറേഷന്‍ (അപികോര്‍പ്) റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും ചെലവു കുറഞ്ഞ ഊര്‍ജോല്‍പ്പാദനമായ സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണ് അറബ് ലോകമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വളരെ വേഗത്തില്‍ വളരുന്ന ഈ ഊര്‍ജ കമ്പോളത്തില്‍ നിക്ഷേപം നടത്തുന്നതിന് നിലവിലുള്ള എല്ലാ വെല്ലുവിളികളേയും തരണം ചെയ്യാന്‍ സര്‍ക്കാറുകൾ തയാറാവണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook