ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് ഔദ്യോഗിക തുടക്കം. ലോകത്തിന്റെ വിവി കോണുകളില്‍നിന്നുള്ള വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും ത്വവാഫുല്‍ ഖുദൂം (ആഗമന ത്വവാഫ്) ചെയ്യാനെത്തിയതോടെയൊണു ഹജ്ജിനു തുടക്കമായത്.
ഇന്നും നാളെയുമായാണു വിശ്വാസികള്‍ ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കുക. ത്വവാഫുല്‍ ഖുദൂം പൂര്‍ത്തിയാകുന്നതോടെ വിശ്വാസികള്‍ മിനയിലേക്കു നീങ്ങും. അഞ്ചു കിലോമീറ്റര്‍ അകലെയാണ് ടെന്റുകളുടെ നഗരമെന്ന് അറിയപ്പെടുന്ന മിന സ്ഥിതി ചെയ്യുന്നത്.
ദുല്‍ഹിജ്ജ എട്ട് ആയ ‘യൗമുത്തര്‍വിയ’ ദിനത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുക. നാളെയാണ് ദുല്‍ഹിജ്ജ് എട്ട്. നാളെ രാവിലെ മുതല്‍ വെള്ളിയാഴ്ചത്തെ സുബഹി നിസ്‌കാരം വരെ പ്രാർഥനയുമായി വിശ്വാസികള്‍ മിനായില്‍ കഴിച്ചുകൂട്ടും. തുടർന്ന് ഹാജിമാര്‍ അറഫ ലക്ഷ്യമാക്കി നീങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം.
കോവിഡിന്റെ പിടിയിലായ രണ്ടു വര്‍ഷത്തിനുശേഷമുള്ള ആദ്യ വലിയ ഹജ്ജ് സീസണാണിത്. ഇത്തവണ പത്ത് ലക്ഷം പേരാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഇവരില്‍ എട്ടരലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും ശേഷിക്കുന്നവര്‍ സ്വദേശികളുമാണ്.
കോവിഡിനു മുന്‍പ് 2019ലാണ് ഇതിനു മുന്‍പ് കൂടുതല്‍ പേര്‍ ഹജ്ജ് നിര്‍വഹിച്ചത്. ആ വര്‍ഷം 25 ലക്ഷം പേരാണ് ഹജ്ജിനെത്തിയത്. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം സൗദിയില്‍നിന്നുള്ളവര്‍ക്കു മാത്രമായിരുന്നു ഹജ്ജിനുള്ള അനുമതി. 2020ല്‍ ആയിരത്തോളം പേര്‍ക്കു മാത്രമായിരുന്നു അവസരം. 2021ല്‍ 60,000 പേര്‍ക്ക് അവസരം ലഭിച്ചു.
കോവിഡ് പ്രതിരോധ വാക്സിന്‍ പൂര്‍ണമായി എടുത്ത 65 വയസിനു താഴെയുള്ളവര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ ഹാജിമാര്‍ സൗദിയിലെത്തിയത്.
മിനയില്‍ തീര്‍ഥാടകര്‍ക്കു സേവനം നല്‍കാന്‍ നാല് ആശുപത്രികളും 26 ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാമെണന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് 79,468 തീർത്ഥാടകരാണ് എത്തിയിരിക്കുന്നത്. ഇവരില്‍ 5,765 പേര്‍ കേരളത്തില്‍ നിന്നാണ്. ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ ക്യാമ്പ് റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനാണു വിശദ വിവരങ്ങൾ അടങ്ങിയ മാപ്പ് തയാറാക്കിയത്. മിന, അറഫ എന്നിവിടങ്ങളിലെ ഇന്ത്യൻ ക്യാമ്പ് റൂട്ട് മാപ്പാണിത്.