റിയാദ്: കഴിഞ്ഞ വർഷത്തെ ഹജിന് ശേഷം ഉംറ നിർവഹിച്ചത് അറുപത്തേഴര ലക്ഷം വിശ്വാസികൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനവാണുണ്ടായിട്ടുള്ളത്. ഉംറ വിസയിൽ രാജ്യത്ത് പ്രവേശിച്ചവർ സുരക്ഷ ആരോഗ്യ പ്രശ്നങ്ങളൊന്നും കൂടാതെ സമാധാനപരമായി ഉംറ നിർവഹിച്ച് മടങ്ങാനായത് വൻ നേട്ടമായെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. കനത്ത സുരക്ഷയും മറ്റ് വിപുലമായ സൗകര്യങ്ങളുമാണ് ഇത്തവണ തീർഥാടകർക്കായി സൗദി ഗവൺമെന്റ് ഒരുക്കിയിരുന്നത്. റമസാൻ മാസത്തിൽ തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ സുരക്ഷ മുറുക്കിയിരുന്നു.

സൗദി വ്യോമയാന വകുപ്പിന് കീഴിൽ മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരത്തുമായി ഒൻപത് ഹെലികോപ്റ്ററുകളാണ് സുരക്ഷാ ചിറകുകൾ വിരിച്ച് പറന്നിരുന്നത്. അത്യാധുനിക സംവിധാനത്തോടെയുള്ള ഹെലികോപ്റ്ററുകൾ ഹറം മസ്ജിദ് പരിസരം, ഹറാമിലേക്ക് എത്തിചേരുന്ന വഴികൾ, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകൾ ഉൾപ്പടെ എല്ലാ നിരത്തുകളിലും ഹെലികോപ്ടറിന്റെ സുരക്ഷ പരിശോധനകൾ നടത്തിയിരുന്നു. അടിയന്തിര വൈദ്യ സഹായം നൽകാൻ വേണ്ട എല്ലാ സജ്ജീകരങ്ങളും ഹെലികോപ്റ്ററിൽ ഒരുക്കിയിരുന്നു.

മക്കയിൽ ട്രാഫിക് വിഭാഗം 119 ഓഫിസർമാരുടെ കീഴിലായി 3000 പേർ സേവനരംഗത്തുണ്ടായിരുന്നു. രഹസ്യ പൊലീസും മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥരും മികച്ച സുരക്ഷയും സേവനവുമാണ് തീർഥാടകർക്കായി ഒരുക്കിയത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ നിർദേശ പ്രകാരം റമസാൻ അവസാന പത്ത് ദിവസങ്ങളിൽ രാത്രി വൈകി നമസ്കാരത്തിലും പ്രാർത്ഥനയിലുമായി ക്യാംപ് ചെയ്ത തീർത്ഥാടകർക് ഹറമിൽ സൗജന്യ അത്താഴവും നൽകിയിരുന്നു. അടുത്ത വർഷങ്ങളിൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും. സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി രാഷ്ട്രത്തിന്റെ പെട്രോളിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഖത്തർ ഉൾപ്പടെ ഉംറ വിസക്ക് അപേക്ഷിച്ച എല്ലാ രാജ്യങ്ങളിലെ തീർഥാടകർക്കും വിസ അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ