മദീന: ഈ വര്‍ഷത്തെ ഹജ്ജിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍നിന്ന് ഇതുവരെ മദീനയിലെത്തിയത് 3,12,982 തീര്‍ത്ഥാടകര്‍. വിമാനങ്ങള്‍ക്കു പുറമെ കരമാര്‍ഗങ്ങളിലൂടെയും തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്.
മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം വഴി 2,52,140 തീര്‍ഥാടകര്‍ എത്തി. കര അതിര്‍ത്തി കടന്ന് 47,521 പേരും എത്തിയതായി സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
മദീനയിൽ കഴിയുന്ന തീര്‍ത്ഥാടകരില്‍ കൂടുതല്‍ ബംഗ്ലാദേശ് പൗരന്മാരാണ്, 12,692 പേര്‍. നൈജീരിയ-9,842, ഇന്ത്യ-7,946, പാക്കിസ്ഥാന്‍- 7,881, ഇറാന്‍- 6,411 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ കൂടുതൽ തീര്‍ത്ഥാടകരുടെ എണ്ണം. 2,21,267 തീര്‍ത്ഥാടകർ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മദീനയില്‍നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 91,689 പേരാണ് ഇന്നലെ വരെ മദീനയില്‍ താമസിക്കുന്നത്.
ഇന്ത്യയില്‍നിന്ന് 168 പ്രത്യേക വിമാനങ്ങള്‍ വഴി 47,114 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയതായാണു കഴിഞ്ഞദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ 79,237 ഇന്ത്യക്കാര്‍ക്കാണ് ഹജ്ജിനുള്ള അവസരം. 56,637 പേരെയാണു കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഹജ്ജ് ഗ്രൂപ്പ് ഓര്‍ഗനൈസര്‍ (എച്ച് ജി ഒ) വഴി 22,600 പേരും ഇന്ത്യയില്‍നിന്ന് എത്തും. ഇന്ത്യയില്‍നിന്നുള്ള അവസാന ഹജ് വിമാനം മൂന്നിനു പുലര്‍ച്ചെ മുംബൈയില്‍നിന്ന് പുറപ്പെടും.
വിവിധ രാജ്യങ്ങളില്‍നിന്നായി 10 ലക്ഷം പേര്‍ക്കാണു സൗദി ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം സൗദിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു.
Also Read: ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിനാവാന്‍ സാധ്യത
ഹജ്ജ് ജൂലൈ ഏഴിന് ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്ലാമിക കലണ്ടര്‍ വര്‍ഷത്തിലെ അവസാന മാസമായ ദു അല്‍ ഹിജ്ജ ജൂണ്‍ 30ന് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം കഴിഞ്ഞ ദിവസം പ്രവചിച്ചത്. ദു അല്‍ ഹിജ്ജ എട്ടിനും പതിമൂന്നിനും ഇടയിലുള്ള തീയതികളിലാണു ഹജ്ജ് നിര്‍വഹിക്കുക.
ദു അല്‍ ഹിജ്ജ പത്താം ദിവസമാണ് ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ മുസ്ലിം ജനത ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ജൂലൈ എട്ടിനായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസമാണിത്. തൊട്ടടുത്ത ദിവസമായിരിക്കും പ്രധാന അവധി ദിനമായ ഈദ് അല്‍ അദ.
കോവിഡ് സാഹചര്യത്തില്‍ ഹാജിമാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഹസ്തദാനം ചെയ്യല്‍ ഒഴിവാക്കണം. കൈകള്‍ നിരന്തരം അണുവിമുക്തുകയും കഴുകയുംം ചെയ്യണം.