മനാമ: ഈ വര്‍ഷം ബഹ്‌റൈനില്‍ നിന്നും ഹജിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇലക്‌ട്രോണിക് സംവിധാനം വഴിയാണെന്ന് നീതിന്യായഇസ്‌ലാമിക കാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിനാണ് അക്ഷേ സമര്‍പ്പിക്കേണ്ട അവസാന തീയതി. ബഹ്‌റൈന്റെ ഈ വര്‍ഷത്തെ ഹജ് ക്വാട്ട 4625 ആണെന്നും അദ്ദേഹം അറിയിച്ചു.

ബഹ്‌റൈന്‍ ഹജ് മിഷനും സൗദി ഹജ് മന്ത്രാലയവുമായി നേരത്തെ തന്നെ ഹജ് ക്വാട്ടയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചിരുന്നു. ഓഗസ്റ്റ് എട്ടിന് ശേഷം അപേക്ഷ ഒരു കാരണവശാലും സ്വീകരിക്കില്ല. അതിനാല്‍ തീര്‍ഥാടനം ഉദ്ദേശിക്കുന്നവര്‍ പ്രസ്തുത തീയതിക്ക് മുമ്പായി റജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ് ഉംറ കാര്യ ഉന്നതാധികാര സമിതി അറിയിച്ചു. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹജ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.

അംഗീകാരമില്ലാത്ത ഗ്രൂപ്പുകളോടൊപ്പം ഹജിന് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. യാത്ര സംബന്ധമായ കാര്യങ്ങള്‍, മക്കയിലും മദീനയിലും താമസ സ്ഥലം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും അപേക്ഷയോടൊപ്പം നല്‍കണമെന്ന് നിബന്ധനയുണ്ട്. സൗദി ഹജ് മന്ത്രാലയത്തിന്റെ മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ എല്ലാ ഹജ് ഗ്രൂപ്പുകളും ശ്രദ്ധിക്കണമെന്നും അഭ്യര്‍ഥിച്ചു.

ഹജ് ഉംറ കാര്യ ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹറമില്‍ നടക്കുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം അതിന് നേതൃത്വം നല്‍കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് നന്ദി പ്രകാശിപ്പിച്ചു. മക്ക ഹറം നവീകരണ പദ്ധതികളില്‍ ഏറ്റവും വലിയ വികസനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഹജ് ഗ്രൂപ്പുകള്‍ക്കുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. തീര്‍ഥാടകരുടെ ഇലക്‌ട്രോണിക് സംവിധാനം വഴിയുള്ള നടപടി ക്രമങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം; പഞ്ചാബ് സ്വദേശി മരിച്ചു
മനാമ: ബഹ്‌റൈനിലെ ഗഫൂളില്‍ തീപിടിത്തത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ഏഴുപേര്‍ക്കു പരുക്കേറ്റു. താമസസ്ഥലത്ത് പുക മൂടിയതിനെ തുടര്‍ന്ന് പഞ്ചാബ് സ്വദേശിയായ നരീന്‍ കുമാറാ(45)ണു മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മഞ്ജിത് സിങ് (25), ഇമ്രാന്‍ പാക് (33), ലക്വന്‍ ബര്‍സിങ് (21), പ്രജബ് സിങ് (49), രജീബ് കുമാര്‍ എന്നിവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെ തൊഴിലാളികള്‍ ഉറക്കമായപ്പോഴാണ് പൊടുന്നനെ തീ പടര്‍ന്നത്. തീപിടിത്തമുണ്ടാവുമ്പോള്‍ ഏഷ്യക്കാരായ 45 പേര്‍ ഈ കെട്ടിടത്തില്‍ താമസക്കാരായി ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അപകടത്തില്‍ പെട്ടവര്‍ക്കു ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) സഹായം നല്‍കി. തൊഴിലാളികള്‍ക്കു പുതിയ താമസ സംവിധാനം ഒരുക്കുന്നതിനു ശ്രമം തുടങ്ങിയിട്ടുണ്ട്. ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുവരികാണെന്നു ഐസിആര്‍എഫ് കോ ഓഡിനേറ്റര്‍ ജോണ്‍ ഫലിപ്പ് പറഞ്ഞു. തൊഴിലാളികള്‍ക്ക് അടുത്തുള്ള റസ്റ്റന്റിൽ നിന്നു ഭക്ഷണം കഴിക്കാന്‍ ടോക്കല്‍ നല്‍കി.കഴിഞ്ഞ ദിവസം മനാമ ബംഗാളി ഗല്ലിയിലും സമാനമായ തരത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. കെട്ടിടം വാടക്കെടുത്ത് അനധികൃതമായി വാടക്കു നല്‍കിയ രണ്ടുപേരെ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook