റിയാദ്: ത്യാഗത്തിന്റെ ആത്മസമർപ്പണത്തിന്റെയും സന്ദേശം വിളിച്ചോതി ഹജ് തീർഥാടനത്തിനു ഇന്നു തുടക്കമാകും. ഉച്ചയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങും. തീർഥാടകരെല്ലാം മക്കയിലെത്തിയിട്ടുണ്ട്.
മക്കയുടെ അതിർത്തി പ്രദേശമായ ഖർനുൽ മനാസിൽ എന്ന മീഖാത്തിൽ പോയി ഹജ്ജിനുള്ള ഇഹ്‌റാം ചെയ്തു തീർഥാടകർ ഉച്ചയോടെ മിനായിലേക്ക് പോകും. മിനായിൽ തമ്പുകൾക്ക് പകരം ബഹുനില മിനാ ടവറുകളിലാണ് തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് സൗദി ഭരണകൂടം.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 1,000 പേർക്കുമാത്രമാണ് ഇത്തവണത്തെ ഹജ് തീർഥാടനത്തിന് അനുമതി. രാജ്യത്തിനു പുറത്തുള്ളവർക്ക് ഇത്തവണ ഹജ് തീർഥാടനത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ആഭ്യന്തര തീർഥാടകരെ മാത്രമാണ് ഇത്തവണ അനുവദിച്ചിട്ടുണ്ട്. സൗദിയിൽ കഴിയുന്ന 700 വിദേശികളാണ് ഹജ്ജിൽ പങ്കെടുക്കുന്നത്.
Read Also: ഒറ്റയ്ക്കൊരു മുറിയില്‍, എന്നോട് തന്നെ സംസാരിച്ച്; കോവിഡ് കാലമോര്‍ത്ത് സുമലത
നാല് ദിവസത്തെ ക്വാറന്റെെനും ആരോഗ്യപരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തീർഥാടകർ മക്കയിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള മിനായിലേക്കെത്തുന്നത്. മിനായിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയോടെ അറഫയെ ലക്ഷ്യമാക്കി നീങ്ങും. ജംറയിലെ കല്ലെറിയൽ കർമ്മവും കഅബ പ്രദക്ഷിണവും സഫ മര്‍വഹിക്കിടയിലെ പ്രയാണവും നടക്കും.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാൻ. തീർഥാടകർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. തീർഥാടകരുടെ ലഗേജുകളെല്ലാം അണുവിമുക്തമാക്കാൻ സജ്ജീകരണമുണ്ട്. കഴിഞ്ഞ വർഷം 2.5 മില്യൺ വിശ്വാസികളാണ് ഹജ് തീർഥാടനത്തിൽ പങ്കെടുത്തത്.
അതേസമയം, സൗദിയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൂട്ടംകൂടിയുള്ള പ്രാർത്ഥനകളും ആചാരങ്ങളും കോവിഡ് പകരാൻ കാരണമാകുമെന്നതിനാൽ നിയന്ത്രണങ്ങളോടെ മാത്രം തീർഥാടനം നടത്താനാണ് സൗദി തീരുമാനിച്ചത്.