റിയാദ്: ഓൺലൈൻ പോർട്ടൽ വഴി ഉംറ വിസ നേടുന്നതിന് ഹജ് ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന മഖാം പോർട്ടൽ പരിഷ്കരിക്കുന്നു. വിദേശ ഏജൻസിയുടെ സഹായമില്ലാതെ സൗദിയിലെ ഉംറ സർവീസ് കമ്പനികളുടെ പാക്കേജുകൾ നേരിട്ട് തിരഞ്ഞെടുക്കാൻ ഇനി തീർഥാടകർക്ക് ഇതിലൂടെ കഴിയും. മഖാം പോർട്ടലിലെ പുതിയ സേവനം വഴി ഉംറ പാക്കേജ് ബുക്ക് ചെയ്യുന്നതിനും ബുക്കിങ് ഉറപ്പു വരുത്തുന്നതിനും ഇ-വിസ നേടുന്നതിനും സാധിക്കും. ഉംറ വിസകൾ അനുവദിക്കുന്നത് ഇതിലൂടെ എളുപ്പമാകുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു.

വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട തീർഥാടകർക്ക് അനുയോജ്യമായ നിരവധി പാക്കേജുകൾ ഉംറ സർവീസ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്രാ സൗകര്യം, മറ്റു സേവനങ്ങൾ എല്ലാം അടങ്ങിയ വ്യത്യസ്ത പാക്കേജുകളുടെ നിരക്കുകളും പോർട്ടൽ വഴി അറിയാനാകും. പാക്കേജുകൾ തിരഞ്ഞെടുത്ത് ഉംറ സർവീസ് കമ്പനികളുമായി ധാരണയിലെത്തി പുണ്യസ്ഥലങ്ങളിൽ എത്തുന്ന തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾ മക്കയിലും മദീനയിലും ഹറമുകൾക്കു സമീപമുള്ള സ്ഥലങ്ങളിലെ സർവീസ് സെന്ററുകളും ഫീൽഡ് ഫോളോഅപ് സെന്ററുകളും വഴി ഹജ്, ഉംറ മന്ത്രാലയം നിരീക്ഷിക്കും. ഉംറ വിസക്കായി പതിനായിരക്കണക്കിന് അപേക്ഷകളാണ് ദിവസേന ലഭിക്കുന്നതെന്നും ഡോ.അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു.

2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook