ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ വരുന്ന ആദ്യ മലയാളി ഹാജിമാരുടെ സംഘം ബുധനാഴ്‌ച രാവിലെ മക്കയിൽ എത്തി. രാവിലെ 8:30 നാണ് ഒരു ഹജ്ജ് കോർഡിനേറ്ററും, രണ്ട് ഹജ്ജ് വോളന്റിയർമാരും അടക്കമുള്ള 410 ഹാജിമാർ സൗദി എയർലൈൻസിന്റെ SV 5916 നമ്പർ വിമാനത്തിൽ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ ഹാജിമാരെ സ്വികരിക്കുന്നതിനായി കോൺസൽ ജനറൽ നൂർ റഹ്‌മാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരും, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും എത്തിയിരുന്നു.

വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ അരമണിക്കൂറിനകം പൂർത്തിയാക്കി, മുതവഫുമാർ ഒരുക്കിയ വാഹനത്തിൽ ഹാജിമാർ മക്കയിലേക്ക് പുറപ്പെട്ടു. മക്കയിൽ അസീസിയ കാറ്റഗറിയിൽ 284, 290, 340 നമ്പർ കെട്ടിടങ്ങളിലാണ് ആദ്യ സംഘത്തിലെ ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.

പുലർച്ചെ മന്ത്രി കെ.ടി.ജലീലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം ഫ്‌ളാഗ്‌ ഓഫ് ചെയ്തത്. സൗദി എയർലൈൻസിന്റെ SV – 5924 നമ്പർ വിമാനത്തിൽ ഇന്ന് രാത്രി തന്നെ 412 പേരടങ്ങിയ മറ്റൊരു സംഘവും എത്തുന്നുണ്ട്.

വാർത്ത: നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook