റിയാദ്: ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം ആറര മണിയോടെ ചെറിയ തോതിൽ പൊടിക്കാറ്റ് ആരംഭിച്ചു. അകമ്പടിയായി മഴയുമെത്തി. എട്ട് മണിയോടെ മഴയും കാറ്റും ശക്തമായി. അറഫ, മുസ്തലിഫ, മിന, മക്ക എന്നിവിടങ്ങളിൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
അറഫയിലെ ചില ടെന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ കാര്യമായ നാശ നഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ മുതൽ മിനയിൽ നിന്ന് തീർഥാടകർ മഹാസംഗമത്തിനായി അറഫയിലേക്ക് എത്തി തുടങ്ങി. നിലവിൽ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. ചൂട് ശമിപ്പിക്കാൻ വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ച് കൃത്രിമമായ ചാറ്റൽ മഴ പെയ്യിപ്പിക്കുന്നത് ഉൾപ്പടെ പരമാവധി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ഹാജിമാർക്കും കുടകൾ നൽകുന്നുണ്ട്. കുടി വെള്ളവും വസ്ത്രവും അറഫയിൽ സർക്കാർ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാജ്യ സുരക്ഷാ വകുപ്പിന്റെയും കീഴിൽ സുരക്ഷയും സേവനവും ഉറപ്പ് വരുത്തുന്നതിന് വൻ സംഘം തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര ഘട്ടങ്ങളെ നേരിടാൻ സിവിൽ ഡിഫൻസും രംഗത്തുണ്ട്. ആരോഗ്യ പ്രശനങ്ങളോ മറ്റ് അപകടങ്ങളോ നേരിടുന്നവർക്ക് ആവശ്യമായ വൈദ്യ സഹായം നൽകാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും എയർ ആംബുലൻസ് ഉൾപ്പടെ മികച്ച സേവനത്തിനുള്ള ഒരുക്കങ്ങളുമായി സജ്ജമാണ്. ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി ഇന്ത്യൻ ഹജ് മിഷന്റെ ഓഫീസും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അറഫ സംഗമത്തിനിടയിലെ ഖുതുബക്കും പ്രസംഗത്തിനും ഡോ : .ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലു ഷെയ്ഖ് നേതൃത്വം നൽകും. വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് അറഫാ ഖുതുബ പ്രക്ഷേപണം ചെയ്യും.