മനാമ: ബഹ്‌റൈന്‍ ഗുരുദേവ സൊസൈറ്റി നല്‍കുന്ന ഈ വര്‍ഷത്തെ ‘ഗുരുസ്മൃതി അവാര്‍ഡ്’ ശ്രീനാരായണ ധര്‍മവേദി ചെയര്‍മാനും വ്യവസായ പ്രമുഖനും സാമുഹിക പ്രവര്‍ത്തകനുമായ ഗോകുലം ഗോപാലനു സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗുരുദേവ ദര്‍ശനങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഗുരുസ്മൃതി അവാര്‍ഡ്‌ ഗോകുലം ഗോപാലനു നല്‍കാന്‍ അവാർഡ് കമ്മിറ്റി അംഗങ്ങളായ ഡോ.ഗീത സൂരജ് (ചെയര്‍ പഴ്‌സണ്‍), വിശാലാനന്ദ സ്വാമികള്‍ (ശിവഗിരി മഠം) കെ.ചന്ദ്രബോസ് (ചെയര്‍മാന്‍ ജിഎസ്എസ്) എന്നിവര്‍ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്‌കാരം. വെള്ളാപ്പള്ളി നടേശന്‍, എം.എസ്.മണി എന്നിവര്‍ക്കാണ് ഈ പുരസ്‌കാരം മുമ്പു ലഭിച്ചത്. ജൂണ്‍ 26 നു ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിക്കുന്ന സൗഹൃദസംഗമം 2017’ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമി അവാര്‍ഡ് സമര്‍പ്പിക്കും. സാം മാത്യു, സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍, വിശാലാനന്ദ സ്വാമി എന്നിവര്‍ സംസാരിക്കും.

നിരവധി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും നടക്കും. പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ജിഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് പറഞ്ഞു. മെഗാ മ്യൂസിക്കല്‍ കോമഡി ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ദേശിയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ സിനിമാതാരം സുരഭി, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി, 2016 ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ സൂരജ് സന്തോഷ്, പ്രമുഖ മാപ്പിള പാട്ടു ഗായകന്‍ ഫിറോസ് നാദാപുരം, ഗന്ധര്‍വ ഗായകന്റെ സ്വര മാധുര്യം പകര്‍ന്നു കിട്ടിയ ഗായകന്‍ അഭിജിത്ത് കൊല്ലം, സിനിമാ മിമിക്രി കലാകാരനായ നെല്‍സന്‍ ആൻഡ് ടീം തുടങ്ങിയ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധയിനം പരിപാടികളും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രബോസ്, പി.ശശിധരന്‍, വി.എന്‍.ഭദ്രന്‍, സനീഷ്‌കുമാര്‍, കെ.ജി.അജികുമാര്‍, ഉണ്ണി, ജോസ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ