മനാമ: ബഹ്‌റൈനിന്റെ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ജൂണ്‍ 5 പ്രാദേശിക സമയം രാത്രി 11.59 മുതല്‍ തീരുമാനം നിലവില്‍ വന്നതായും മറ്റൊരു അറയിപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. ബഹ്റൈനില്‍ നിന്നു ദോഹയിലേക്കുള്ള അവസാന ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് (ജി എഫ് 530) സര്‍വീസ് ഇന്നലെ രാത്രി 8. 55 നായിരുന്നു. ഖത്തറില്‍നിന്നുള്ള അവസാന ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് (ജി എഫ് 531) ഇന്നലെ രാത്രി 10.40നു ബഹ്‌റൈനില്‍ ഇറങ്ങി.

വിമാന സർവീസുകൾ റദ്ദു ചെയ്തതുവഴി യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഗള്‍ഫ് എയര്‍ ക്ഷമാപണം നടത്തി. ഗള്‍ഫ് എയര്‍ ഉപഭോക്താക്കള്‍ക്കുവേണ്ടി ലോകത്തെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രം സജ്ജമാണെന്നും യാത്രക്കാര്‍ക്കു ബദര്‍ സംവിധാനം ഒരുക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു. യാത്ര ചെയ്യാത്തവര്‍ക്കു മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും ഗള്‍ഫ് എയര്‍ സര്‍വീസുള്ള ഏറ്റവും അടുത്ത എയര്‍ പോര്‍ട്ടിലേക്കു സൗജന്യ ബുക്കിങ് നല്‍കുമെന്നും അറിയിച്ചു. ഗള്‍ഫ് എയര്‍ ആഗോള കോണ്‍ടാക്ട് സെന്റര്‍: + 973 17373737.

പുതിയ തീരുമാനം ഖത്തറും ബഹ്‌റൈനുമിടയിലുള്ള വ്യാപാര ബന്ധത്തെയും ബാധിക്കുമെന്നതിനാല്‍ വ്യാപാരികളും മറ്റും കടുത്ത ആശങ്കയിലാണ്. അവധിക്കാലം അടുത്തതിനാല്‍, പലരും ഖത്തറിലേക്കും ഖത്തറിലുള്ളവര്‍ ബഹ്‌റൈനിലേക്കും വരുന്ന പതിവുണ്ട്. അതും മുടങ്ങും. വിസിറ്റിങ് വിസയില്‍ വന്നവര്‍ സാധാരണ മടങ്ങാറുള്ളത് അവസാന ദിവസമാണ്. ഈ ദിവസത്തെ യാത്ര മുടങ്ങിയാല്‍ അവര്‍ വിസ പുതുക്കേണ്ടി വരും. ഖത്തറില്‍ ജോലി ചെയ്യുന്ന ബഹ്‌റൈന്‍ പൗരന്‍മാര്‍ മടങ്ങേണ്ടി വരുമെന്നതിനാല്‍ ആ വഴിക്കുളള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഖത്തറിലും ബഹ്‌റൈനിലുമായി ബിസിനസ് നടത്തുന്ന നിരവധി മലയാളികളുണ്ട്. ഇവരുടെ പോക്കുവരവ് പുതിയ സാഹചര്യത്തില്‍ തടസപ്പെടും. വ്യാപാരി സമൂഹം പ്രശ്‌നങ്ങള്‍ അധികം വൈകാതെ തീരുമെന്ന പ്രതീക്ഷയിലാണ്. ബഹ്‌റൈനിലെ മിക്ക മണി എക്‌സ്‌ചേഞ്ചുകളും ഖത്തര്‍ കറന്‍സി എടുക്കുന്നത് ഇന്നലെ വൈകീട്ടോടെ നിര്‍ത്തി. അനിശ്ചിതാവസ്ഥ പരിഗണിച്ചാണ് ഈ നടപടിയെന്ന് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

നയതന്ത്ര ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പ്രമുഖ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചതോടെ പ്രവാസികളുടെ യാത്രാ ദുരിതവും വര്‍ധിക്കും. ദുബായിലെ എമിറേറ്റ്‌സ്, യുഎഇയുടെ ഇത്തിഹാദ്, സൗദി എയര്‍ലൈന്‍സ്, ബഹ്‌റൈന്റെ ഗള്‍ഫ് എയര്‍, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, ഈജിപ്ത് എയര്‍ എന്നിവയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ഭീകരവാദത്തിന് പിന്‍തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെയാണ് സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത്, യെമന്‍, ലിബിയ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്രബന്ധം വേര്‍പ്പെടുത്തിയത്. ഇതോടെ ഈ രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. എമിറേറ്റ്‌സും ഇത്തിഹാദും ഗള്‍ഫ് എയറും ഫ്‌ളൈ ദുബായിയും ചൊവ്വാഴ്ച മുതല്‍ ഖത്തറിലേക്ക് സര്‍വീസ് നടത്തുന്നില്ല.

ഖത്തര്‍ എയര്‍വേഴ്‌സിനു ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസിനും വിലക്കുണ്ട്. ഈ രാജ്യങ്ങളുടെ വ്യോമ മേഖല ഖത്തര്‍ ഉപയോഗിക്കുന്നതും വിലക്കി. ഇത് ഖത്തര്‍ എയര്‍വേഴ്‌സിന്റെ സര്‍വീസുകളെ പ്രതിസന്ധിയിലാക്കും. വേനലവധിക്കാലം അടുത്തിരിക്കെ അപ്രതീക്ഷിതമായ യാത്രാദുരിതമാണ് ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ക്ക് ഉണ്ടാക്കുക. എമിറേറ്റും ഖത്തറും മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍സുകളായതിനാല്‍ തന്നെ അവധിക്കാലം കണ്ട് മുന്‍കൂട്ടി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുക പതിവാണ്. സ്‌റ്റോപ്പോവര്‍ ഉള്ള വിമാനങ്ങള്‍ ആ സമയങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുകയും ചെയ്യും. യുഎഇ, സൗദി, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നും ഖത്തര്‍ എയര്‍വേഴ്‌സ് വഴി ആയിരക്കണക്കിന് മലയാളികളാണ് അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് ടിക്കറ്റ് എടുത്തത്.

സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഇവരുടെ യത്ര പ്രതിസന്ധിയിലായി. ഇവര്‍ക്ക് മറ്റു വിമാനങ്ങളില്‍ ഇനി ടിക്കറ്റ് കിട്ടുക പ്രയാസം. കിട്ടുകയാണെങ്കില്‍തന്നെ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിയും വരും. ഖത്തറില്‍ നിന്നും എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനങ്ങള്‍ വഴി നാട്ടിലേക്കും നിരവധി പേര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇവരുടെ യാത്രയും പ്രതിസന്ധിയിലായി. സൗദിയിലേക്കും ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് ഖത്തര്‍ എയര്‍വേഴ്‌സ് നിര്‍ത്തിവെച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ