റിയാദ്: താമസരേഖയായ ഇഖാമ ആധാരമാക്കി പ്രവാസികള്‍ക്കു സുഹൃത്തുക്കളെയും ബന്ധുക്കളെയും അതിഥി വിസയില്‍ കൊണ്ടുവരാമെന്ന പ്രഖ്യാപനത്തോടെ സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഇടക്കാലത്തു വന്ന പല നിയമങ്ങളും ചെറുകിടക്കാര്‍ക്കു തിരിച്ചടിയായിരുന്നെങ്കിലും വിസ നിയമത്തില്‍ വരാനിരിക്കുന്ന മാറ്റം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.

നിതാകാത്ത് നിയമം വന്നതുമുതല്‍ സൗദിയില്‍നിന്ന് സാധാരണ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് സജീവമായിരുന്നു. പിന്നീട് ഇഖാമ പുതുക്കാന്‍ വലിയ തുക ലെവി വന്നതോടെ സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലായി. അതിനിടയില്‍ ഫാമിലി സന്ദര്‍ശക വിസയുടെ സ്റ്റാമ്പിങ് ചാര്‍ജ് 200 സൗദി റിയാലില്‍നിന്ന് രണ്ടായിരമായി കുത്തനെ ഉയര്‍ത്തി. ഇതോടെ സന്ദര്‍ശകരുടെ വരവും കുറഞ്ഞു. പിന്നീട് സ്റ്റാമ്പിങ് ചാര്‍ജ് വെട്ടിച്ചുരുക്കിയെങ്കിലും മാര്‍ക്കറ്റ് പ്രതീക്ഷയ്ക്കനുസരിച്ച് ഉയര്‍ന്നില്ല.

Read Also: ഇ-വിസ ഇല്ലെങ്കിലും ഇന്ത്യക്കാർക്കു സൗദിയിലെത്താം

പലകാരണങ്ങളാല്‍ ചെറിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. പുതിയ വിസ നിയമം പ്രാബല്യത്തിലായാല്‍ റിയാദ് ബത്ത, ജിദ്ദ ഷറഫിയ്യ, ദമ്മാം, അസീര്‍ ഖമീസ് മുശൈത്ത് തുടങ്ങി വിവിധ പ്രവിശ്യകളിലെ നഗരങ്ങളെല്ലാം തിരക്കുള്ള പ്രതാപകാലത്തേക്കു തിരിച്ചെത്തും. മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കഫ്റ്റീരിയ, റസ്റ്റോറന്റ്, ഫാര്‍മസികള്‍, ട്രാവല്‍, തുടങ്ങി എല്ലാ മേഖലകളും സജീവമാകും.

നിലവില്‍ ഇഖാമയില്‍ ഭാര്യ, മക്കള്‍, പിതാവ്, മാതാവ്, ഭാര്യാപിതാവ്, ഭാര്യാമാതാവ് എന്നിവരെ മാത്രമേ കൊണ്ടുവരാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുമ്പ് സൗദിയില്‍ ഏതെങ്കിലും രീതിയില്‍ നിയമലംഘനത്തില്‍പ്പെട്ട് രാജ്യത്തേക്കു പ്രവേശിക്കാനാകാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത ആര്‍ക്കും ഗസ്റ്റ് വിസയില്‍ സൗദിയിലെത്താം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook