മനാമ: മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ജിപി സക്കറിയദെസ് സിവില്‍ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടേഴ്സ് കമ്പനിയിലെ (ജിപിസെഡ്) നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍. ജിപിസെഡിന്റ എക്കര്‍, സിത്ര, നുവൈദ്രത്, റിഫ ക്യാംപുകളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്നലെ ശമ്പളം ആവശ്യപ്പെട്ട് ബഹ്‌റൈന്‍ സാമൂഹിക വികസന മന്ത്രാലയത്തിനു മുന്നിലേക്കു പ്രതിഷേധവുമായി എത്തിയത്. ക്യാംപുകളില്‍നിന്നും നടന്ന് എത്തിയ തൊഴിലാളികളെ സനദില്‍ വച്ച് പൊലീസ് തടഞ്ഞു.

ഇന്നലെ ഇവിടുത്തെ ഒഴിഞ്ഞ സ്ഥലത്ത് തടിച്ചുകൂടിയ തൊഴിലാളികളെ നിരീക്ഷിക്കാന്‍ മൂന്ന് വാനുകളിലായി പൊലീസും എത്തി. തൊഴിലാളികള്‍ അഞ്ചുമണിക്കൂര്‍ നേരമാണ് ഇവിടെ സംഘടിച്ചത്. ചില ഘട്ടങ്ങളില്‍ തൊഴിലാളികള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. ഇവരെ പിന്നീട് പിരിച്ചുവിട്ടു. ആറുപേരെ കേസ് റജിസ്റ്റര്‍ ചെയ്യാനായി പൊലീസ് കൂടെ കൊണ്ടുപോയതായാണ് വിവരം. തിങ്കളാഴ്ച ഇന്ത്യന്‍ എംബസിയിലും തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്നുള്ള 75 ഓളം ഇന്ത്യക്കാരായ ഈ കമ്പനിയിലെ തൊഴിലാളികള്‍ ദുരിത കഥയുമായാണ് എംബസിയിലെത്തിയത്. ശമ്പളം മുടങ്ങിയതിന് പുറമെ, വീസ കാലാവധി തീര്‍ന്ന പ്രശ്‌നവും പലരും നേരിടുന്നുണ്ട്. പാസ്‌പോർട്ട് കമ്പനിയുടെ പക്കലാണുള്ളതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കമ്പനിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും തങ്ങളുടെ ശമ്പള കുടിശ്ശിക തന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് തൊഴിലാളികള്‍ ശമ്പളം ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത്. ഫെബ്രുവരി 27നും മാർച്ച് 19നും കഴിഞ്ഞ വര്‍ഷം ജൂലൈ 17 നും ഇവര്‍ സമാന രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ജനുവരിയില്‍ കമ്പനിയുടെ നുവൈദ്രാതിലെ ഓഫിസുകള്‍ക്കു മുന്നില്‍ തൊഴിലാളികള്‍ സംഘം ചേരുന്നതിനിടെ നാരായണന്‍ പിച്ചൈ എന്ന തമിഴ്‌നാട് സ്വദേശിയായ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. രണ്ടാം തവണയാണ് മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഈ കമ്പനിയിലെ തൊഴിലാളികള്‍ സാമൂഹിക വികസന മന്ത്രാലയത്തിനുമുന്നില്‍ സംഘടിക്കുന്നത്. 140ഓളം തൊഴിലാളികള്‍ കഴിഞ്ഞ മാര്‍ച്ച് 19ന് മന്ത്രാലയത്തിനുമുന്നില്‍ സംഘടിച്ചിരുന്നു. നുവൈദ്രാതിലെ അക്കമഡേഷനില്‍ നിന്ന് ഇവര്‍ കൂട്ടമായി സായിദ് ടൗണിലേക്ക് നടന്നെത്തുകയായിരുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന മന്ത്രാലയ അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.

ഉയര്‍ന്ന പോസ്റ്റിലുള്ള പലരും നേരത്തെ തന്നെ ആനുകൂല്യങ്ങള്‍ വാങ്ങി മടങ്ങിയതായി തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളില്‍ യുവാക്കള്‍ മുതല്‍ 50 വയസിനുമുകളില്‍ പ്രായമായവര്‍ വരെയുണ്ട്. കമ്പനി ഇപ്പോഴും ജോലിക്ക് പോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍, മുടങ്ങിയ ശമ്പളത്തിന്റെ കാര്യത്തില്‍ തീരുമാനമായ ശേഷമേ ജോലിക്കു പോകൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു. ഇവരുടെ ഏക വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന നാട്ടിലെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തൊഴിലാളികള്‍ ഭക്ഷണം പോലും കഴിക്കുന്നത് സന്നദ്ധ സംഘടകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും മറ്റും സഹായം കൊണ്ടാണ്.

പലരും കമ്പനിയില്‍ ദീര്‍ഘകാലത്തെ സര്‍വീസ് ഉള്ളവര്‍. ചില തൊഴിലാളികള്‍ ഇതിനകം ആനുകൂല്യമൊന്നും കൈപ്പറ്റാതെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ എംബസിയിലും, ലേബര്‍ കോടതിയിലും പരാതി നല്കി കാത്തിരിക്കുകയാണ്. തൊഴിലാളികളുടെ പ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംബസി അധികൃതര്‍ തയാറായില്ല. ശമ്പളം മുടങ്ങിയതിനെ തുടർന്ന് നിരവധി തൊഴിലാളികള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. പ്രശ്‌നം എംബസിയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും അവര്‍ തൊഴിലാളികളെ സഹായിക്കുമെന്നുമാണ് വിദേശ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചത്. എന്നാല്‍ എംബസിയുടെ ഭാഗത്തുനിന്നും കാര്യമായ ഒരു ഇടപെടലും ഇതുവരെയുണ്ടായിട്ടില്ല.

മലയാളികളടക്കം വന്‍തോതില്‍ ഇന്ത്യക്കാര്‍ ഈ കമ്പനിയില്‍ ഉയര്‍ന്നതും താഴ്ന്നതുമായ തസ്തികളില്‍ ഉണ്ട്. പ്രശ്‌നത്തില്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയം ഇന്ത്യ-ബഹ്‌റൈന്‍ സര്‍ക്കാര്‍ തല ഇടപെടലുകള്‍ നടത്തിയാലേ പ്രശ്‌ന പരിഹാരം സാധ്യമാകൂവെന്ന് തൊഴിലാളികളും സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ അത്തരമൊരു ഇടപെടല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍നിന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ പൂര്‍ണ പരാജയമാണെന്ന് ആക്ഷേപമാണ് തൊഴിലാളികള്‍ക്കുള്ളത്.

ഗള്‍ഫ് മേഖലയിലെ പ്രമുഖ എന്‍ജിനീയറിങ് ആൻഡ് കോണ്‍ട്രാക്ടിങ് കമ്പനിയാണ് ജിപിസെഡ്. സൈപ്രസ് കമ്പനിയാണിത്. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ കമ്പനി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍കിട കരാറുകളില്‍നിന്നായി നവംബര്‍ മുതല്‍ തങ്ങള്‍ക്കു കിട്ടാനുള്ള പണം കിട്ടാത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. കമ്പനിക്ക് ബില്‍ഡിങ് മെറ്റീരിയലുകളും മറ്റും നല്‍കിയവരും ഇവരുടെ സബ്‌കോണ്‍ട്രാക്ടിങ് എടുത്ത ചെറുകിട കമ്പനികളും പ്രതിസന്ധിയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook