മനാമ: പരിശീലനം, ഭക്ഷണം എന്നിവക്കായി കേരള സര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പ് വലിയ കൈത്താങ്ങായി എന്നു കേരളത്തിന്റെ അഭിമാനമായ അത്‌ലറ്റ് പി.യു.ചിത്ര പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ ചിത്ര മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ഡോ. എ.പി.ജെ.അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടത്തിയാണ് സ്‌കോളര്‍ഷിപ്പു നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ചിത്ര വോയ്‌സ് ഓഫ് പാലക്കാടിന്റെ പൊന്നോണം 2017 പരിപാടിയില്‍ അതിഥിയായാണു ബഹ്‌റൈനില്‍ എത്തിയത്.

2017 എഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ സന്തോഷത്തോടെയാണു ചിത്രയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം. ചിത്രയുടെ പരിശീലകനും മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായികാധ്യാപകനുമായ എന്‍.എസ്.സിജിനും ചിത്രയെ അനുഗമിക്കുന്നുണ്ട്. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ പങ്കാളിത്തം ഇല്ലാതെ പോയതിനു പിന്നില്‍ വിദേശ കോച്ചിന്റെ കടുംപിടിത്തമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ബിരുദാനന്തര പരീക്ഷ എഴുതുന്നതിനായി ക്യാമ്പില്‍ നിന്ന് അനുമതിയില്ലാതെ പോയി എന്ന കാരണം പറഞ്ഞു കോച്ച്, സംഘത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കായിക രംഗത്തു മാത്രം പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ ഒരു താരത്തിനാവില്ല. ഒരു ചെറിയ പരുക്കു കൊണ്ടു രംഗം വിടേണ്ടി വരുന്നവരാണു താരങ്ങള്‍ ഏറെയും. വിദ്യാഭ്യാസം നഷ്ടപ്പെടുത്തിക്കൊണ്ടു പരിശീല ക്യാമ്പില്‍ തുടരാന്‍ കഴിയാതിരുന്നത് ഈ സാഹചര്യത്തിലാണ്. ഇപ്പോള്‍ ജോലി നല്‍കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും അതു അത്‌ലറ്റിക്‌സില്‍ നിന്നു പിന്നോട്ടു പോകാന്‍ കാരണമാവും എന്നതിനാല്‍ ഇപ്പോള്‍ നടപടികള്‍ തുടരാതിരിക്കുകയാണ്. റെയില്‍വേ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അത്‌ലറ്റിക് ഫെഡറേഷനില്‍ ഉത്തരേന്ത്യന്‍ മേധാവിത്തം നിലനില്‍ക്കുന്നതില്‍ താരങ്ങളുടെ വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളിലുള്ള അഭ്യര്‍ഥനകള്‍ പരിഗണിക്കപ്പെടാതെ പോവുകയാണ്. വിദേശ കോച്ചുകള്‍ക്കു ഇവന്റു മാത്രമാണു ലക്ഷ്യം. കഠിന പരീശലമാണ് ഇത്തരം കോച്ചുകള്‍ക്കുകീഴില്‍ നടക്കുന്നത്. കോച്ചിങ് ക്യാമ്പില്‍ നിന്നു തന്നെ പലരും പരുക്കുകളോടെ പിന്‍മാറേണ്ടി വരികയാണ്. വിദേശികളുടെ ശാരീരിക ക്ഷമതയില്ലാത്ത ഇന്ത്യന്‍ താരങ്ങളെ ഇത്തരം ക്യാമ്പുകളില്‍ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണ്.

കേരളത്തില്‍ സ്‌പോർട്‌സ് മെഡിസിന്‍ രംഗത്ത് നല്ല ജാഗ്രത ദൃശ്യമായിട്ടുണ്ട്. അലോപ്പതി മരുന്നുകളുടെ ഉപയോഗമൂലം താരങ്ങള്‍ അറിയാതെ നിരോധിത രാസ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ എത്തപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ കായിക താരങ്ങള്‍ക്കായി ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംവിധാനം ഉള്ളത് വലിയ ആശ്വാസമാണ്.

ചിത്രയുടെ പ്രകടനം മെച്ചപ്പെട്ടു വരികയാണെന്നും ഇപ്പോഴത്തെ പ്രകടനത്തിന്റെ പുരോഗതി വച്ചുകൊണ്ട് 2018 ലെ കോമണ്‍വല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, 2020 ലെ ഒളിമ്പിക്‌സ് എന്നീ പ്രതീക്ഷകള്‍ മുന്‍നിര്‍ത്തിയാണു പരിശീലനം തുടരുന്നതെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ഫിനിഷിങ് പോയിന്റിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പു കുതിച്ച് മുന്നിലുള്ള താരങ്ങളെ പിന്‍തള്ളാനുള്ള ശേഷി സൂക്ഷിച്ചുകൊണ്ടാണ് ചിത്ര അതിനുമുമ്പുള്ള റൗണ്ടുകള്‍ പിന്നിടുന്നത്. ഈ തന്ത്രം പ്രയോഗിക്കുന്നതിന് ഓരോ റൗണ്ടിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പരിശീലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വലിയ സ്വീകരണം ലഭിച്ചില്ലെന്ന പ്രചാരണം ശരിയല്ല. തിരിച്ചു നേരെ ഊട്ടിയിലെ ക്യാമ്പിലേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണു വീട്ടില്‍ പോയിട്ടു വന്നാല്‍ മതിയെന്ന് അധികൃതര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ വീട്ടില്‍ എത്തുകയായിരുന്നു. പിന്നീട് ജന പ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി അനുമോദിച്ചതായും ചിത്ര പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook