റിയാദ്: നാടിന്റെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന പരിപാടികളുമായി മമ്പാട് പഞ്ചായത്ത് സ്വദേശികളായ റിയാദ് പ്രവാസികളുടെ വാർഷിക ഒത്തുചേരൽ. ‘മർവ ഫാമിലി മീറ്റ് 2017’ എന്ന ശീർഷകത്തിൽ അൽ നഖീൽ കോമ്പൗണ്ടിൽ രാവും പകലുമായി നടന്ന പരിപാടിയിൽ അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് വിവിധ കലാ-കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

കുടുംബിനികളുടെ പായസമത്സരം രുചിയൂറുന്ന അനുഭവമായി. . കായിക ഇനങ്ങളിൽ വേറിട്ടുനിന്നത് ഫുട്‍ബോളായിരുന്നു. കാൽപ്പന്തിനെ നെഞ്ചിലേറ്റിയ മമ്പാടിന്റെ ഫുട്ബോൾ ഓർമ്മകൾ അൽ നഖീൽ കോമ്പൗണ്ടിലെ ഗ്രൗണ്ടിൽ പുനരാവിഷ്‌ക്കരിച്ചു. മുൻ യൂണിവേഴ്‌സിറ്റി, സംസ്ഥാന കളിക്കാർ കാല്പന്തിന്റെ ഗതകാലസ്മരണകൾ ഉണർത്തി കളിയിൽ സജീവമായി. ഗായകൻ മമ്പാട് നിസാറിന്റെ നേതൃത്വത്തിൽ ഗാനമേള, ഒപ്പനയടക്കമുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. ന്യൂസഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

മർവ സെക്രട്ടറി റഫീഖ്കുപ്പനത്ത് സ്വാഗതം പറഞ്ഞ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ഉബൈദുല്ല ചീരംതൊടിക അധ്യക്ഷനായി. ട്രഷറർ സലിം കരുവപ്പറമ്പൻ സാമ്പത്തിക റിപ്പോർട് അവതരിപ്പിച്ചു. സിദ്ദീഖ് കാഞ്ഞിരാല ‘മർവ’യുടെ ഭാവി പരിപാടികൾ വിശദീകരിച്ചു. ഫക്രുദ്ദീൻ അലി അഹമ്മദ് നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ