മനാമ: ആദ്യ അറബ്, ജിസിസി തല സ്‌കൈഡൈവിങ് ചാംപ്യൻഷിപ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബഹ്‌റൈനില്‍ നടക്കും. സാക്കിറിലെ ഗ്രാവിറ്റി ഇന്‍ഡോര്‍ സ്‌കൈഡൈവിംഗിലാണ് ചാംപ്യൻഷിപ് നടക്കുക. ബഹ്‌റൈനില്‍ അടുത്ത വര്‍ഷം നടക്കുന്ന എഫ്എഐ ഇന്‍ഡോര്‍ സ്‌കൈഡൈവിങ് ലോക ചാംപ്യൻഷിപ്പിനു മുന്നോടിയായാണ് മത്സരം.

ആദ്യ അറബ് ചാംപ്യൻഷിപ്പും ജിസിസി കപ്പ് ഇന്‍ഡോര്‍ സ്‌കൈഡൈവിങ് മത്സരത്തിനുമാണ് ബഹ്റൈന്‍ വേദിയാകുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു വിഭാഗങ്ങളിലായി അറബ് ലോകത്തുനിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. തങ്ങള്‍ ആതിഥ്യം വഹിക്കുന്ന വന്‍കിട സാഹസിക ഇനമാണിതെന്നും പ്രശസ്തരായ ഫ്‌ളൈര്‍മാര്‍ മത്സരിക്കുമെന്നും അവര്‍ അറിയിച്ചു. അറബ് എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനു, ബഹ്‌റൈന്‍ എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുമായി സഹകരിച്ച് ഗ്രാവിറ്റി ഇന്‍ഡോര്‍ സ്‌കൈഡൈവിങ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ബഹ്റൈനിലെ വനിത, പുരുഷ ടീമുകള്‍ മാറ്റുരക്കും.

ഇന്‍ഡോര്‍ സ്‌കൈഡൈവിങ് ഇന്ന് മേഖലയില്‍ മത്സരരൂപമുള്ള ഒരു കായിക ഇനമായി വളര്‍ന്നുവരികയാണെന്ന് അവര്‍ പറഞ്ഞു. അടുത്ത വര്‍ഷം ബഹ്‌റൈനില്‍ നടക്കുന്ന ലോക ചാംപ്യൻഷിപ്പില്‍ 20 രാജ്യങ്ങളില്‍നിന്നായി 350 കായിക താരങ്ങള്‍ മത്സരിക്കും. ലോകത്തിലെ ഏറ്റവും നീളം കുടിയ വിന്‍ഡ് ടണലുകളില്‍ ഒന്നാണ് ബഹ്‌റൈിലെ ഗ്രാവിറ്റി ഇന്‍ഡോര്‍ സ്‌കൈഡൈവിങ്ങില്‍ ഉള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാവിറ്റി ജനറല്‍ മാനേജര്‍ ഖൗലാ അല്‍ ഹമ്മാദി, ബഹ്‌റൈന്‍ എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, അറബ് എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. മുബാറക് സുവൈലിം എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ