ദുബായ്: ഗള്‍ഫ് രാജ്യങ്ങളിൽ പലയിടത്തായി താമസിക്കുന്ന വേണ്ടപ്പെട്ടവരെ കാണാൻ ഇനി മാറി മാറി വിസയെടുക്കേണ്ട. ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും പോകാൻ ഉടനെ സാധിക്കും. വിനോദസഞ്ചാരികൾക്കായി ഷെങ്കൻ വിസയ്ക്ക് സമാനമായ വിസ സംവിധാനം ഒരുക്കാനുള്ള ചർച്ചയിലാണ് ഗൾഫ് രാജ്യങ്ങൾ.
ഏകീകൃത സിംഗിൾ വിസയെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ, ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞതായി, ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് ഷെങ്കൻ വിസ
യൂറോപ്പ് യാത്രയ്ക്ക് പോകുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഷെങ്കൻ വിസ. യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരൊറ്റ വീസ സംവിധാനമാണിത്. ഹ്രസ്വകാല വീസകള്‍ ആയും, എയർപോർട്ട് ട്രാൻസിറ്റ് വീസയായും, ദീർഘകാല വീസയായുമെല്ലാം പല വിധത്തില്‍ ഇത് ലഭ്യമാണ്.
ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും വരുമാനവും ടൂറിസം രംഗത്തിനും ഇതൊരു പുതിയ കാൽവയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. “വിദേശത്തു നിന്ന് യൂറോപ്പിലേക്ക് പോകുന്ന ആളുകൾ ഒരു രാജ്യത്തേക്കാൾ പല രാജ്യങ്ങളിലും സമയം ചെലവഴിക്കുന്നത് ഞങ്ങൾ കാണുന്നു. ഈ മാതൃക നടപ്പാക്കുന്നത് ഇത് ഓരോ രാജ്യത്തിനും മാത്രമല്ല, എല്ലാവർക്കും നൽകുന്ന പ്രയോജനം നമ്മൾ മനസ്സിലാക്കണം, ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന “ജിസിസിയ്ക്കുള്ള യാത്രയുടെ ഭാവി” എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ അൽ സൈറാഫി പറഞ്ഞു.
2022ൽ 8.3 ദശലക്ഷം വിനോദസഞ്ചാരികളെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നു.
യുഎഇ, മറ്റ് ജിസിസി വിപണികൾ എന്നിവയ്‌ക്കൊപ്പം ബഹ്‌റൈനെയും പ്രോത്സാഹിപ്പിച്ചപ്പോഴാണ് 9.9 ദശലക്ഷം സന്ദർശകരെ ലഭിച്ചത്, അൽ സൈറാഫി പറയുന്നു.
സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്ന് എല്ലാ ജിസിസി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് പാനൽ ചർച്ചയിൽ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹ് പറഞ്ഞു. “നമ്മൾക്ക് ഒരു പൊതു വിപണിയും ഏകീകൃത നയങ്ങളുമുണ്ട്. വിനോദസഞ്ചാര മേഖലയുടെ മുന്നേറ്റത്തിന് നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ഉപയോഗിച്ച് ജിസിസിക്ക് സപ്ലൈ, ഡിമാൻഡ് വശങ്ങളിൽ നിന്ന് പ്രയോജനം നേടാം. ഇപ്പോൾ ജിസിസിയിലേക്ക് ആളുകളുടെ ഒഴുക്ക് വർധിക്കുന്നുണ്ട്, “അൽ സാലിഹ് പറഞ്ഞു.