റിയാദ്: കർണാടകത്തിലെ മുതിർന്ന മാധ്യമപ്രവർത്തകയും ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് എഡിറ്ററും സോഷ്യൽ ആക്റ്റിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ നിഷ്ടൂരകൊലപാതകത്തിനെതിരെ റിയാദിലെ ജനാധിപത്യ മതേതരവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗം എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം.എൻ.കാരശ്ശേരി ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്തു. ആർ.മുരളീധരൻ അധ്യക്ഷനായിരുന്നു.

ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ മതപരവും ജാതീയവും വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങൾ വെറും മുഖം മൂടിയാണെന്നും അടിസ്ഥാനപരമായി അത് കോർപറേറ്റുകളുടെയും ക്രോണി കാപ്പിറ്റലിസത്തിന്റെയും നവ ഉദാരവൽക്കരണത്തിന്റെയും രാഷ്ട്രീയമാണെന്നും അതിനെതിരെ ശബ്ദിക്കുന്ന ആരെയും അവർ വച്ചുപൊറുപ്പിക്കില്ലന്നും നരേന്ദ്ര ദബോൽക്കർ മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങൾ അതാണ് കാണിക്കുന്നതെന്നും എം.എൻ.കാരശ്ശേരി പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ പത്രമാധ്യമങ്ങൾ ഭൂരിഭാഗവും മോദി അനുകൂല നിലപാടുകളുള്ളവർ കയ്യടക്കിയിരിക്കുമ്പോൾ അത്തരത്തിൽ ആരാലും വിലക്കെടുക്കാൻ കഴിയാത്ത തരത്തിൽ സ്വതന്ത്ര്യവും ജനാധിപത്യപരവും മതേതരത്വപരവും നിഷ്പക്ഷവുമായ നിലപാടുകൾ നിർഭയവുമായി പുലർത്തിയിരുന്ന ചെറുതെങ്കിലും കരുത്തുറ്റ മാധ്യമസ്ഥാപനമായിരുന്നു ഗൗരി ലങ്കേഷ് പത്രിക. അതുകൊണ്ടാണ് അവർ കൊല്ലപ്പെട്ടത്. ഇന്ന് ബിജെപി ഉയർത്തുന്ന മതരാഷ്ട്രവാദം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. മതവിഷയത്തിൽ വിമർശനം പാടില്ലെന്ന നിലപാട് ഏകാധിപത്യത്തിലേക്ക് മാത്രമേ നയിക്കുകയുള്ളു.

ജാതി ബോധത്തിനും വർഗീയതക്കും എതിരിൽ ശക്തമായ രീതിയിൽ പൊരുതിയ ഗൗരി ലങ്കേഷ് ഫാസിസത്തിന്റെ ദുഷ് ചെയ്തികളെ ശക്തമായ രീതിയിൽ എതിർത്തിരുന്നുവെന്നും വെടിയുണ്ടകളേക്കാൾ മൂർച്ചയുള്ള അവരുടെ വാക്കുകൾ സംഘ് പരിവാരത്തിന്റെ അടിവേരറുക്കുന്ന തരത്തിലായിരുന്നുവെന്നും അവരുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും മുഖ്യവിഷയാവതരണം നടത്തിയ ബഷീർ ഈങ്ങാപ്പുഴ പറഞ്ഞു.

ഷക്കീല വഹാബ്, മൈമുന അബ്ബാസ്, ഖലീൽ പാലോട്, ജയൻ കൊടുങ്ങല്ലൂർ, ഡൊമിനിക് സൈമൺ, ഐ.പി.ഉസ്മാൻകോയ, രാജു ഫിലിപ്പ്, അഹമ്മദ് മേലാറ്റൂർ, റസൂൽ സലാം, അയൂബ് തരൂപ്പടന്ന, ഫിറോസ് പുതുക്കോട്, അബ്ദുല്ലത്തീഫ് മുണ്ടേരി, ലത്തീഫ് തെച്ചി എന്നിവരും സംസാരിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകം തീമാക്കി നടന്ന ലൈവ് ചിത്രരചനയിൽ റജീന നിയാസ്, നിഹാല സാലിഹ്, ഋഷികേശ് വിജയ് എന്നിവർ പങ്കെടുത്തു.

ഗൗരി ലങ്കേഷിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫൈസൽ കൊണ്ടോട്ടി സംവിധാനം ചെയ്ത സ്കിറ്റ് ആകർഷകമായി. നജാത്, നിഷ അഹമ്മദ്, സുബി സുനിൽ, ജേക്കബ്, ഹരികൃഷ്ണൻ, രാജു ഫിലിപ്പ് എന്നിവർ അഭിനയിച്ചു. ഷറഫുദീൻ രചിച്ച രക്തസാക്ഷ്യം എന്ന കവിത കവിതന്നെ ആലപിച്ചു. സയ്യിദ് ഷബീർ രചിച്ച കശാപ്പ് എന്ന കവിത ഷക്കീല വഹാബ് ചൊല്ലി. ഉബൈദ് എടവണ്ണ സ്വാഗതവും മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ